കരുവന്നൂർ തട്ടിപ്പ്, പെൻഷൻ മാത്രം വരുമാന മാർഗമായുള്ള പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നാൾക്കുനാൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന്റെ ബന്ധുക്കളുടെയും പേരിൽ ലക്ഷങ്ങളുടെ നിക്ഷേപം നടന്നിരുന്നതായി ഇഡിയുടെ കണ്ടെത്തൽ. അരവിന്ദാക്ഷന്റെ മാതാവ് ചന്ദ്രമതി അമ്മയുടെ പേരിൽ 63 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. 90 വയസുള്ള അമ്മക്ക് പെൻഷൻ മാത്രമാണ് വരുമാന മാർഗ്ഗം. അമ്മയുടെ പേരിൽ ഇത്രയും രൂപയുടെ നിക്ഷേപം എങ്ങനെ ഉണ്ടായെന്ന് വിശദീകരിക്കാൻ അരവിന്ദാക്ഷന് സാധിച്ചിട്ടില്ല.

പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ടിലുള്ള നിക്ഷേപത്തിന് നോമിനിയായി വച്ചിരിക്കുന്നത് ശ്രീജിത്ത് എന്ന വ്യക്തിയാണ്. തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരനാണ് ശ്രീജിത്ത്. അരവിന്ദാക്ഷൻ അടുത്തകാലത്തായി സ്ഥലമിടപാടുകൾ നടത്തിയിട്ടുണ്ട്. ഇതിനുള്ള പണം എവിടെനിന്നും ലഭിച്ചു എന്ന ചോദ്യത്തിനും കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. അരവിന്ദാക്ഷനെയും കരുവന്നൂരിൽ മുൻചീഫ് അക്കൗണ്ടന്റ് സി.കെ ജിൽസിനെയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി വ്യക്തമാക്കി.

പ്രതികളുടെ കസ്റ്റഡി പൂർത്തിയായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യങ്ങൾ ഇഡി വ്യക്തമാക്കിയത്. ഇതിനായി അടുത്തയാഴ്ച വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. പി.ആർ അരവിന്ദാക്ഷന്റെ ജാമ്യപേക്ഷ 30-ന് പരിഗണിക്കും. കൂടാതെ പി.ആർ. അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകളും പരിശോധിക്കേണ്ടതുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.