കരുവന്നൂർ ബാങ്ക് തട്ടിപ്പ്, അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

എറണാകുളം : സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പായ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭാ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാനുമായ അരവിന്ദാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളത്തെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സെപ്റ്റംബർ 26-നാണ് അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരവിന്ദാക്ഷന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

ജനുവരി അഞ്ചിന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിഎംഎൽഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും എസി മൊയ്തീന്റെ വിശ്വസ്തനാണ് അരവിന്ദാക്ഷനെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.