കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്, എം എം വര്‍ഗീസ് ഇന്നും ഇ ഡിക്കു മുമ്പില്‍ ഹാജരായേക്കില്ല

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധ്യതയില്ല. ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം ഹാജരാകാന്‍ വര്‍ഗീസ് സാവകാശം തേടുമെന്നാണ് സൂചന. ഇക്കാര്യം രേഖാമൂലം ഇ ഡി ഉദ്യോഗസ്ഥരെ അറിയിക്കും. തുടര്‍ച്ചയായ നാലാം തവണയാണ് ഇ ഡിയുടെ നോട്ടീസ് എം എം വര്‍ഗീസ് അവഗണിക്കുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഇന്നലെ ഇഡി സമൻസ് നൽകിയിരുന്നു. ഇത് നാലാം തവണയാണ് എം.എം വർഗീസ് ഇഡി സമൻസ് അവഗണിക്കുന്നത്. തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താൻ അസൗകര്യമുണ്ടെന്നുമാണ് എം.എം വർഗീസ് ഇഡിക്ക് നൽകിയ മറുപടി.

തുടരെ സമൻസുകൾ അയച്ചിട്ടും ഹാജരാകാത്തതിനാൽ ഇ ഡി കടുത്ത നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്. ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ ഡി നിർദേശവും നൽകിയിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടത്.