അഭിമുഖത്തിനുള്ള കത്ത് ലഭിച്ചത് 10 ദിവസം വൈകി, ജോലി നഷ്‌ടപ്പെട്ട ഭിന്നശേഷിക്കാരന്റെ പ്രതിഷേധം

പോസ്റ്റ് ഓഫീസുകാരുടെ അനാസ്ഥ മൂലം ജോലി നഷ്‌ടപ്പെട്ടതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച് സമരം നടത്തി യുവാവ്. കട്ടപ്പനയിലാണ് സംഭവം. പോസ്റ്റ് ഓഫീസ് പടിക്കലാണ് കാഴ്‌ച വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരനായ യുവാവ് സമരം ചെയ്യുന്നത്. കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണ് വെള്ളയാംകുടി പോസ്റ്റ് ഓഫീസ് പടിക്കൽ സമരം നടത്തിയത്.

സർക്കാർ സ്‌കൂളിലെ അനദ്ധ്യാപക തസ്‌തികയിലേക്കുള്ള നിയമനതിതനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നാണ് ലിന്റോയ്‌ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18ന് കത്ത് പോസ്റ്റ് ഓഫീസിൽ എത്തിയിരുന്നു. 23നായിരുന്നു ഇന്റർവ്യൂ. എന്നാൽ, 10 ദിവസം വൈകി 28നാണ് കത്ത് തന്റെ കയ്യിൽ ലഭിച്ചതെന്ന് ലിന്റോ പറയുന്നു. മറ്റൊരാൾക്ക് സ്‌കൂളിൽ നിയമനം ലഭിക്കുകയും ചെയ്‌തു.

മുഖ്യമന്ത്രി, കളക്‌ടർ. തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ലിന്റോ സമരത്തിനിറങ്ങിയത്. എന്നാൽ, ലിന്റോയുടെ മൊബൈൽ നമ്പർ ലഭിക്കാത്തതിനാലാണ് കത്ത് കൈമാറാൻ വൈകിയതെന്നാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിച്ച മറുപടി. പ്രതിഷേധമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇവർ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് നിയമനടപടിയുമായി മുന്നോട്ട് പോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാമെന്ന് പൊലീസ് പറഞ്ഞതോടെയാണ് ലിന്റോ ഇന്നലെ സമരം അവസാനിപ്പിച്ചത്.