ഒരു പ്ലേറ്റിൽ മുടി, കറുത്ത വളകൾ,മുറിയിൽ ദുർമന്ത്രവാദം നടന്ന ലക്ഷണങ്ങൾ

അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മലയാളി ദമ്പതികളയും അവരുടെ സുഹൃത്തായ അധ്യാപികയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. സംഭവത്തിൽ ദുർമന്ത്രവാദം സാധ്യത എന്ന് തന്നെയാണ് അരുണാചൽ പ്രദേശ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം നടത്താൻ കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആണ് അരുണാചല്‍ പോലീസ് പറയുന്നത്.

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരാണു മരിച്ചത്.

മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി എസ്പി പറഞ്ഞു. ഇറ്റാനഗറിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിൽ ഇക്കാര്യം വ്യക്തമാകും. മുറിയിൽനിന്നു മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പ്ലേറ്റിൽ മുടി, കറുത്ത വളകൾ, മൂന്നു പേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പും എന്നിവയും കണ്ടെടുത്തു. ഇതിൽ ബന്ധുക്കളെ ബന്ധപ്പെടേണ്ട ഫോൺ നമ്പറും എഴുതിയിരുന്നതായി എസ്‌പി വ്യക്തമാക്കി.

ആര്യ മകൾ ആണെന്ന് പറഞ്ഞാണ് ഇവർ മുറിയെടുത്തത്. മൂന്നു പേരും ഒരു മുറിയാണ് എടുത്തത്. സ്ത്രീകളുടെ വലതുകൈയും പുരുഷന്‍റെ ഇടതുകൈയും മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവിയുടെ കഴുത്തിലും മുറിവുണ്ട്. ബ്ലേഡുകളും മുറിയിൽനിന്നു കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു. ആദ്യ രണ്ടു ദിവസത്തേക്ക് മുറിയെടുത്ത ഇവര്‍ പിന്നീട് കൂടുതല്‍ ദിവസങ്ങളിലേക്ക് മുറി നീട്ടിയെടുക്കുകായിരുന്നുവെന്ന് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ബ്ലൂ പൈനിലെ ജീവനക്കാരനും പറഞ്ഞു.

അരുണാചൽ പൊലീസ് മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കേരള പൊലീസിന്റെ പിന്തുണയുണ്ടാകുമെന്നും എസ്പി പറഞ്ഞു. “ഞങ്ങൾ ഇതിനകം അന്വേഷണം ആരംഭിച്ചു. കേരള പൊലീസിൽനിന്നു ചില വിവരങ്ങൾ ലഭിച്ചു. പൊലീസിനോടും മരിച്ചവരുടെ കുടുംബാംഗങ്ങളോടും ഇവിടെയെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങൾ ഇവിടെ എത്തിയാൽ, കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അവരെ ചോദ്യം ചെയ്യും. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റി. പ്രാഥമിക അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കും. ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും” – എസ്പി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ഹോട്ടലിൽ എത്തിയ മൂന്നുപേരും ശനിയും ഞായറും പുറത്തുപോയിരുന്നു. തിങ്കളാഴ്ച മുതൽ ഇവരെ ഹോട്ടല്‍ ജീവനക്കാര്‍ പുറത്തുകണ്ടിട്ടില്ല. തിങ്കളും ചൊവ്വയും ഇവരെ പ്രഭാത ഭക്ഷണം കഴിക്കാന്‍ കാണാത്തതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ മുറിയിലെത്തിയത്. ആര്യയുടെ മൃതദേഹം കട്ടിലിലും ദേവിയുടേത് തറയിലെ മെത്തയിലുമാണ് കാണപ്പെട്ടത്.ന വീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു.മുറിയില്‍ മല്‍പിടിത്തം നടന്നതിന്‍റെ ലക്ഷണങ്ങളില്ലെന്ന് എസ്പി പറഞ്ഞു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനും രക്തം വാർന്ന് പുറത്തുപോകാതിരിക്കാനും വാതിലിനടിയില്‍ തുണി വച്ച് അടച്ചിരുന്നതായി എസ്പി പറഞ്ഞു.

അച്ഛനും അമ്മയും മകളുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു മുറിയെടുത്തിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം ഒന്നു തോന്നിയിരുന്നില്ല. വാതില്‍ അകത്ത് നിന്ന് പുട്ടിയിരുന്നില്ലെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. വാതില്‍ തുറന്നപ്പോള്‍ കണ്ടത് സ്ത്രീകളുടെ മാത്രം മൃതേദഹമായതോടെ കൊലപാതം നടത്തി പുരുഷന്‍ രക്ഷപെട്ടുവെന്നാണ് ജീവനക്കാര്‍ കരുതിയത്. പൊലീസ് എത്തിയാണ് ഭര്‍ത്താവിന്‍റെ മൃതദേഹം കുളിമുറിയില്‍ കണ്ടെത്തിയത്.

സ്ത്രീകളെ മുറിവേൽപ്പിച്ചു കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ആത്മഹത്യാ കുറിപ്പിൽ മൂന്നു പേരും ഒപ്പിട്ടിട്ടുണ്ട്. തങ്ങൾക്ക് കടബാധ്യതകളില്ലെന്നും മരണത്തിന് മറ്റു ഉത്തരവാദികൾ ഇല്ലെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്നു കുറിപ്പിൽ ഉണ്ട്.

ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്; ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം.

നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. സിസിടിവിയിൽ സംശായസ്പദമായൊന്നും കണ്ടെത്തിയില്ല. പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെയും ക്രൈസ്റ്റ് നഗർ സ്കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്സ് റിട്ട. ഉദ്യോഗസ്ഥൻ അനിൽകുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താൻ നിശ്ചയിച്ചിരുന്നതാണ്. 27 മുതൽ കാണാനില്ലെന്നു പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

സീറോ – വർഷം മുഴുവൻ തണുത്ത കാലാവസ്ഥ

അപ്പത്താനി ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന സീറോ സമീപകാലത്താണ് അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറിയത്. പ്രശസ്തമായ സീറോ മ്യൂസിക് ഫെസ്റ്റിവലോടെ സഞ്ചാരികൾ ഇവിടെ കൂടുതലായി എത്തിത്തുടങ്ങി. വർഷം മുഴുവൻ തണുത്തകാലാവസ്ഥയുള്ള സീറോ താഴ്‌വരയിൽ അനവധി ഹോം സ്റ്റേകളും ഏതാനും റിസോർട്ടുകളുമുണ്ട്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നും 120 കിലോമീറ്റർ അകലെയാണ് സീറോ. ഇവിടെയുള്ള എയർ സ്ട്രിപ് അപൂർവമായാണ് ഉപയോഗിക്കുന്നത്. മാര്‍ച്ച് 28-നാണ് കൊല്‍ക്കത്ത, ഗുവാഹാട്ടി വഴി മൂവരും അരുണാചലില്‍ എത്തിയത്. ഇവര്‍ ഗുവാഹാട്ടിയിലേക്ക് പോയതായി കണ്ടെത്തിയതോടെ കേരള പോലീസ് ഇതുസംബന്ധിച്ച് അസം പോലീസിന് വിവരം കൈമാറിയിരുന്നു. ഇവരുടെ വാഹനം തിരുവനന്തപുരം വിമാനത്തിലുണ്ടെന്നും സ്ഥിരീകരിച്ചു. മൂവരും താമസിച്ചിരുന്നത് തിരുവനന്തപുരത്താണ്. ഇവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിവച്ചതും അവിടെയാണ്. അതിനാല്‍ തിരുവനന്തപുരം പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. എന്തിനാണ് ഇവര്‍ ജിറോയില്‍ എത്തിയതെന്നടക്കം അന്വേഷിച്ചുവരികയാണെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഫൊറന്‍സിക് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നതിനാല്‍ മൃതദേഹങ്ങള്‍ ഇറ്റാനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും എസ്.പി.കൂട്ടിച്ചേര്‍ത്തു.