സാമ്പത്തിക അടിയന്തരാവസ്ഥ, സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ​ഗവർണർ

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കാൻ രാഷ്‌ട്രപതിയോട് ശുപാർശ ചെയ്യണമെന്ന പരാതിയിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിൽ മറിച്ചൊരു മറുപടി നൽകാൻ സർക്കാരിന് സാധ്യമല്ലെന്നതാണ് വാസ്തവം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർഎസ് ശശികുമാർ ഗവർണറെ സമീപിച്ചത്.

സർക്കാരിന്റെ ധൂർത്ത് കാരണം കേരളം സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുമ്പോഴും ഇതിന് കാരണം കേന്ദ്ര സർക്കാരാണെന്ന സ്ഥിരം പല്ലവി ഇവിടെ ചെലവാകില്ലെന്ന് ചുരുക്കം. ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം സർക്കാരിന് പെല്ലാപായി മാറിയിട്ടുണ്ട്. സർക്കാരിന് പണമില്ലെന്ന് കോടതിയെ അറിയിച്ച സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ​ വിശദീകരണം നൽകാൻ പ്രയാസമായിരിക്കും.

സംസ്ഥാനത്ത് സാമ്പത്തിക അസ്ഥിരതയുണ്ടായാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രയോ​ഗിക്കാനുള്ള ഭരണഘടനയുടെ 360-ാം വകുപ്പ് ​ഗവർണർക്ക് ഉപയോ​ഗിക്കാൻ കഴിയും. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ചശേഷം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം രാഷ്‌ട്രപതിയുടെ നിയന്ത്രണത്തിലാകും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാനും സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും രാഷ്‌ട്രപതിക്കാവും.