ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്, ദര്‍ശനസമയം കൂട്ടാന്‍ കഴിയുമോ എന്ന് ഹൈക്കോടതി

കൊച്ചി. ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതോടെ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. നിലവില്‍ 17 മണിക്കൂറാണ് നടതുറക്കുന്നത്. ഇനി ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടാന്‍ സാധിക്കുമോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാനും ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് ഈ വര്‍ഷം ഏറ്റവും തിരക്ക് ഉണ്ടായ ദിവസം. ക്ഷേത്ര ദര്‍ശനത്തിനായി ഒരു ലക്ഷം ഭക്തരാണ് വെള്ളിയാഴ്ച മാത്രം എത്തിയത്. അതേസമയം ശനിയാഴ്ച കൂടുതല്‍ പേര്‍ എത്തുമെന്നാണ് വിവരം. ഈ സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ അടിയന്തര നടപടി.

ഒരു ദിവസം പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ സാധിക്കുന്നത് 76500 പേര്‍ക്കാണെന്നാണ് കോടതിയുടെ നിരീക്ഷണം. ദര്‍ശന സമയം കൂട്ടിയാല്‍ ഇത് 85500 ആയി ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും സ്‌പോര്‍ട്ട് ബുക്കിങ്ങും ഉള്‍പ്പെടെ ഒരു ലക്ഷത്തിന് മുകളിലാണ്.

തിരക്ക് വരും ദിവസങ്ങളിലും കൂടാന്‍ സാധ്യതയുള്ളതിനാല്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചുകൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. അതേസമയം തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടികളാണ് ദേവസ്വം മന്ത്രി നിര്‍ദേശിച്ചത്.