മോചനം ഉടനെയുണ്ടാകില്ല, ഒടുവില്‍ സിദ്ദീഖ് കാപ്പനെ കയ്യൊഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അതങ്ങനെയാണ്, ജനങ്ങളില്‍ ഒരാളായി നില്‍ക്കുന്നൊരു മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ പോലും കെല്‍പ്പില്ലാത്ത അവസ്ഥയാണ് കേരളത്തിനിപ്പോള്‍ എന്ന് തെളിഞ്ഞിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ വാര്‍ത്തശേഖരിക്കാന്‍ പോകവെ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തില്‍ ഇടപെടുന്ന കാര്യത്തില്‍ കൈമലര്‍ത്തി മുഖ്യമന്ത്രി പിണറായി. പി. ഉബൈദുല്ല എംഎല്‍എയാണ് ചോദ്യോത്തര വേളയില്‍ വിഷയം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണ നിയമനടപടികള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ അനുഭവിക്കുന്ന കാര്യങ്ങളാണ് ഉബൈദുല്ല ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാറിന് വളരെയധികം പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ച് കൊടുക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോചനത്തിനായി ഇടപെടണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് നേരത്തെ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റെ കുടുംബം ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് പടിക്കലില്‍ ധര്‍ണ നടത്തുന്നുണ്ട്. ഒക്ടോബര്‍ അഞ്ചിന് ഹാഥറസിലേക്ക് പോകവെയാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തേ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് മറ്റൊരു സംസ്ഥാനത്തെ കേസായതിനാല്‍ ഇടപെടാനാവില്ലെന്ന മറുപടിയാണ് എ.ഡി.ജി.പിയില്‍നിന്ന് ലഭിച്ചത്.