വിദേശത്ത് നിന്ന് വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ ആലോചന, നേതാക്കളുടെ മക്കളെ ആദ്യം എത്തിക്കട്ടെയെന്ന് പരിഹാസം

കോഴിക്കോട് : മലയാളി വിദ്യാർത്ഥികളെ വിദേശത്ത് നിന്ന് തിരികെ കൊണ്ടുവരുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും വേണമെന്നും അതിന് ഇപ്പോഴുള്ള നേട്ടം മതിയാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവകേരള സദസിന്റെ തുടര്‍ച്ചയായി കോഴിക്കോട് വിദ്യാര്‍ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഭാവി മുന്നിൽക്കണ്ടാണ് സർക്കാർ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവയ്‌ക്ക് തുടക്കമിട്ടത്. കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കാണ്. രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.

പ്രസ്താവന പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും നിറഞ്ഞു. ആദ്യം നേതാക്കളുടെ മക്കളെ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കൂയെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. ഏതൊക്കെ നേതാക്കളുടെ മക്കളാണ് വിദേശത്ത് നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയതെന്ന് ഒരു കണക്കെടുന്നത് നല്ലതാകുമെന്നും വിമർശനമുണ്ട്