ഞാൻ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തിൽ ജീവിക്കും- മകളുടെ ഓർമയിൽ കെ.എസ് ചിത്ര

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാൽ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കരുന്നിനെ എട്ടാം വയസിൽ വിധി തട്ടി തെറിപ്പിക്കുകയായിരുന്നു. എന്നും നിറചിരിയോടെ മാത്രം വേദിയിൽ പ്രത്യേക്ഷപ്പെടുന്ന ചിത്രയുടെ മനസിൽ ഇന്നും ഉണങ്ങാത്ത മുറിവായി തുടരുകയാണ് മകൾ നന്ദന. മകൾ നഷ്ടപ്പെട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും ആ വേദനയിൽ നിന്ന് പൂർണമായി പുറത്തുവരാൻ ചിത്രയ്ക്ക് സാധിച്ചിട്ടില്ല.

ഇപ്പോഴിതാ മകൾ നന്ദനയുടെ ഓർമ ദിനത്തിൽ വികാര നിർഭരമായ കുറിപ്പാണ് കെ എസ് ചിത്ര സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. താൻ അവസാന ശ്വാസമമെടുക്കുന്നത് വരെ തന്റെ മകൾ തന്നോടൊപ്പമുണ്ടാകുമെന്നാണ് അകാലത്തിൽ വേർപെട്ട മകളുടെ ഓർമകളിൽ കേരളത്തിന്റെ വാനമ്പാടി കുറിച്ചിരിക്കുന്നത്.

‘നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മൾ വിട്ടു പിരിഞ്ഞിട്ടില്ല, ഞാൻ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തിൽ ജീവിക്കും,’ ചിത്ര ഫേസ്ബുക്കിൽ കുറിച്ചു. ചിത്രതയുടെ പോസ്റ്റിന് കീഴെ നന്ദനയുടെ ഓർമകളിൽ സ്‌നേഹാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ കമന്റു ചെയ്യുന്നുണ്ട്.

മകളുടെ എല്ലാ പിറന്നാൾ ദിനത്തിലും ഓർമദിനത്തിലും കെ എസ് ചിത്ര കുറിപ്പ് പങ്കുവെക്കാറുണ്ട്. അത് ചിത്രയെ സ്‌നേഹിക്കുന്ന മലയാളികളെയും നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായിരിക്കും. മകളില്ലാത്ത ജീവിതം നൽകുന്ന വേദനയെക്കുറിച്ച് ചിത്ര മുൻപും പങ്കുവെച്ചിട്ടുണ്ട്.