ലാഭമില്ലെന്ന പേരില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറയ്ക്കുന്നു

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് ജനത്തെ വലയ്ക്കുന്നു. ലാഭമില്ലെന്ന പേരിലാണ് സര്‍വീസുകള്‍ വെട്ടികുറയ്ക്കുന്നത്. മൂന്ന് മാസത്തിനിടെ ഒരു ലക്ഷം കിലോമീറ്റര്‍ പ്രതിദിന സര്‍വീസാണ് കുറച്ചത്. കിലോമീറ്ററിന് 28 രൂപ കിട്ടാത്ത സര്‍വീസ് വേണ്ട എന്നാണ് തിരുമാനം. വെട്ടികുറച്ചത് രാവിലെ 10ന് ശേഷമുള്ള സര്‍വീസുകളും രാത്രി സര്‍വീസുമാണ്.

അതേസമയം കെഎസ്ആര്‍ടിസിക്ക് മാത്രം സര്‍വീസിന് അനുമതിയുള്ള തിരുവനന്തപുരത്തെ തെക്കന്‍, മലയോര പ്രദേശത്തുള്‍പ്പെടെ യാത്രക്കാര്‍ മണിക്കൂറുകള്‍ റോഡില്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയിലാണ്. മൂന്ന് മസം മുമ്പ് പ്രതിദിന സര്‍വീസ് 15 ലക്ഷം കീലോമീറ്ററായിരുന്നുവെങ്കില്‍ ഇന്നത് 14 ലക്ഷം കിലോമീറ്ററാണ്.

പ്രതിദിനം 4500 മുതല്‍ 4750 വരെ ബസുകള്‍ സര്‍വീസ് നടത്തിയ സ്ഥാനത്ത് ഇപ്പോള്‍ 3900 മുതല്‍ 4000 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.