മത്തി കഴിച്ച് യുവതി മരിച്ചു,12 പേർ ആശുപത്രിയിൽ ചികിത്സയിൽ

പാരീസ്: മലയാളികളുടെ ഇഷ്ട മീനുകളിൽ ഒന്നാണ് മത്തി. പല മീനുകൾ വേറെയും ഉണ്ടെങ്കിലും മത്തിയോട് ഒരൽപ്പം ഇഷ്ടം കൂടുതലാണ്. എന്നാൽ മത്തിയെ ഇഷ്ടപ്പെടുന്നവർ അൽപ്പം നിരാശപ്പെടുന്ന വാർത്തയാണ് ഫ്രാൻസിൽ നിന്ന് പുറത്തു വരുന്നത്. ഫ്രാൻസിൽ മത്തി കഴിച്ച് യുവതി മരിച്ചു. ബോട്ടുലിസം രോഗബാധിതയെ തുടർന്നാണ് യുവതി മരിച്ചത്. അതേ റെസ്‌റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച 12 പേരെ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോർഡോയിലെ ഒരു റെസ്റ്റോറന്റിൽ നിന്നും കഴിഞ്ഞ ദിവസമാണ് മത്തിയും മറ്റു പല ഭക്ഷണങ്ങളും യുവതി കഴിക്കുന്നത്. ഏതാനും മണിക്കൂറുകൾക്കു ശേഷം 32-കാരിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

റെസ്റ്റോറന്റിൽ നിന്നും മത്സ്യം കഴിച്ച 12 പേരെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മത്സ്യം സൂക്ഷിച്ചിരുന്ന പാത്രം തുറന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതായും രോഗികൾ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുകയാണ്.