കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരിയുടെ മൂന്നരപ്പവന്റെ സ്വർണ്ണമാല കാണാതായി, കണ്ടെത്തി തിരികെ നൽകി ജീവനക്കാർ

കൊല്ലം : നഷ്‌ടമായ മൂന്നരപ്പവന്റെ സ്വർണ്ണമാല ഉടമയ്ക്ക് കണ്ടെത്തി തിരികെ നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറും. പള്ളിക്കൽ ആനകുന്നം മൂഴിയിൽ പുത്തൻവീട്ടിൽ ഉണ്ണിമായയുടെ മാലയാണ് താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർമാരായ മലപ്പുറം കോട്ടപ്പടി സ്വദേശി എൻ.വി.റഫീക്കും താമരശ്ശേരി സ്വദേശി എ.എം.റഫീക്കും ചേർന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി എട്ടേമുക്കാലിന് കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് ഉണ്ണിമായയും ഭർത്താവ് ഷിജുവും താമരശ്ശേരി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ കയറിയത്. പാരിപ്പള്ളിയിൽ ബസിറങ്ങി, വീട്ടിലെത്തുമ്പോഴാണ്‌ മാല നഷ്ടമായത് അറിഞ്ഞത്. ഷിജുവിന്റെ സുഹൃത്ത് സന്തോഷ് ഉടൻതന്നെ താമരശ്ശേരി ഡിപ്പോയിൽ ബന്ധപ്പെട്ട് ഡ്രൈവറുടെയും കണ്ടക്ടറുടെയും നമ്പർ കണ്ടെത്തി വിവരം അറിയിച്ചു.

ഇതോടെ ജീവനക്കാർ ബസിൽ തിരച്ചിൽ നടത്തി മാല കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഷിജുവും ഉണ്ണിമായയും ഡിപ്പോയിലെത്തി റഫീക്കുമാരിൽനിന്ന് മാല ഏറ്റുവാങ്ങി. ഇരുവർക്കും ദമ്പതികൾ നന്ദി പറഞ്ഞു.