ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഡിസിപിക്ക് വീണ്ടും പരാതി നല്‍കി അഭിഭാഷകന്‍

ന്യൂഡല്‍ഹി. വിവാദ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെടി ജലീലിനെതിരെ വീണ്ടും പരാതി. സുപ്രീംകോടതി അഭിഭാഷകനായ ജിഎസ് മണിയാണ് പരാതി നല്‍കിയത്. ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഡിസിപിക്കാണ് ജിഎസ് മണി പരാതി നല്‍കിയത്.

മുമ്പും ഇതേ വിഷയത്തില്‍ തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനിലും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും ഇദ്ദേഹം പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഡിസിപിക്ക് പരാതി നല്‍കിയത്. കെടി ജലീല്‍ ദേശവിരുദ്ധ പരാമര്‍ശമാണ് നടത്തിയതെന്നും അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം അന്വേഷണം നടക്കുകയാണെന്നും. അന്വേഷണത്തിന് ശേഷം മാത്രമെ കേസ് എടുക്കുവെന്നും പോലീസ് പറയുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്ന ജലീല്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് പിന്‍വലിച്ചാലും പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു.