ഭരണം നൂറുദിനം പിന്നിടുമ്പോഴും സര്‍ക്കാര്‍ തുടര്‍ഭരണം കിട്ടിയതിന്റെ മോഹാലസ്യത്തിലാണ്; വിഡി സതീശന്‍

രണ്ടാം പിണറായി സര്‍ക്കാര്‍ നൂറാം ദിവസം പിന്നിടുമ്പോള്‍ കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പടെ കേരളം പാടേ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ഇപ്പോഴും തുടര്‍ഭരണം കിട്ടിയതിന്റെ മോഹാലസ്യത്തിലാണ്. അതില്‍നിന്ന് ഇനിയും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പുറത്ത് കടന്നിട്ടില്ല. കഴിഞ്ഞ നൂറ് ദിവസം കൊണ്ട് സര്‍ക്കാര്‍ ഒരു ജനക്ഷേമ പ്രവര്‍ത്തനവും ഇവിടെ നടത്തിയിട്ടില്ല. പുതുതാതായി ഒരു പ്രവര്‍ത്തനം പോലും നടത്താത്ത സര്‍ക്കാരാണിത്. കോവിഡിന്റെ സാമൂഹ്യ, സാമ്പത്തിക ആഘാതത്തെക്കുറിച്ച് പോലും പ്രതിപക്ഷം മാത്രമാണ് പഠിച്ചിട്ടുള്ളതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യയിലേക്ക് നീങ്ങുമ്പോളും നോക്കുകുത്തിയായി തുടരുകയാണ് സര്‍ക്കാര്‍. എന്ത് ചോദിച്ചാലും ഞങ്ങള്‍ കിറ്റു കൊടുത്തില്ലേ, പെന്‍ഷന്‍ കൊടുത്തില്ലേ എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍വ്വ മേഖലയും തകര്‍ന്നുപോയ ഒരു സംസ്ഥാനത്ത് ഇതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോകുന്നതില്‍ രണ്ടാം വരവിന്റെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി പരാജയപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടി.പി.ആറും(ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കൂടുതല്‍ രോഗികളും ഉള്ള സംസ്ഥാനം കേരളമാണ്. മരണനിരക്കും കൂടി. എന്നിട്ടും അതിനെ നേരിടാനുള്ള സംവിധാനം ഇവിടെ ഉണ്ടായില്ല.

സര്‍ക്കാര്‍ എല്ലാ രേഖകളും രഹസ്യമാക്കി വെക്കുകയാണ്. നേരത്തെ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ വരെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. വിദഗ്ദസമിതിയില്‍നിന്നു വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നതോടെ ആ സംവിധാനം നിര്‍ത്തലാക്കി. കോവിഡ് സംബന്ധമായ ഒരു വിവരവും ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് കിട്ടുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇവിടെ എല്ലാം പൂഴ്ത്തിവെക്കുകയാണ്. ഈ വിവരങ്ങള്‍ കൃത്യമായി പുറത്ത് വിട്ടാല്‍ മാത്രമേ ഇത് പഠനവിധേയമാക്കി മൂന്നാം തരംഗം നേരിടാന്‍ കഴിയുകയുള്ളൂ. ഇവിടെ മൂന്നാം വരവ് നേരിടാന്‍ തയ്യാറെടുപ്പ് നടത്തുന്നില്ലെന്ന് മാത്രമല്ല, രണ്ടാം വരവ് വളരെ ഗുരുതരമായി തുടരുകയും ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.