നാല് മാസമായി അടഞ്ഞ് കിടന്ന വീട്ടില്‍ വൈദ്യുത ബില്‍ 5711, മധുപാലിന്റെ പരാതിയില്‍ വെട്ടിക്കുറച്ച് തുക 300 ആക്കി

കോവിഡ് കാലത്ത് സൗജന്യ കിറ്റ് വിതരണം ചെയ്ത സര്‍ക്കാര്‍ ആ പണം വൈദ്യുതി ബില്ലിന്റെ പേരില്‍ പൊതു ജനങ്ങളില്‍ നിന്നും ഈടാക്കുന്നുണ്ട് എന്ന പേരില്‍ ആരോപണങ്ങള്‍ ഉയരുന്നു. സാധാരണ നിരക്കില്‍ നിന്നും വലിയ ഉയര്‍ന്ന നിരക്കിലാണ് ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും വൈദ്യുത ബില്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന വീടിന് 5711 രൂപ വൈദ്യുതി ബില്‍ വന്നതിനെതിരെ നടനും സംവിധായകനുമായ മധുപാല്‍ രംഗത്തെത്തി.

സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കെ എസ് ഇ ബി നടപടിയെടുത്തു. 5711 രൂപയുടെ ബില്‍ വെട്ടിക്കുറച്ച് 300 രൂപയാക്കി കുറച്ചിരിക്കുകയാണ്. നാല് മാസമായി അടഞ്ഞു കിടന്ന വീടിനാണ് ഇത്രയും വൈദ്യുത ബില്‍ ലഭിക്കുന്നത്.

പേരൂര്‍ക്കടയില്‍ ഫെബ്രുവരി 12 മുതല്‍ അടച്ചിട്ടിരിക്കുന്ന വീട്ടില്‍ ജൂണ്‍ നാലിന് റീഡിംഗ് എടുത്തപ്പോള്‍ നല്‍കിയത് 5711 രൂപയുടെ ബില്‍ ആയിരുന്നു. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നും പരാതിയില്‍ അദ്ദേഹം പറയുന്നു. എന്നാല്‍ വീട് അടച്ചിട്ടിരിക്കുമ്പോള്‍ റീഡിംഗ് എടുക്കാന്‍ സാധിക്കാതെ വരുകആണെങ്കില്‍ മൂന്ന് മുന്‍ മാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തില്‍ ബില്ല് വന്നതെന്നായിരുന്നു കെ.എസ്.ഇ.ബി ചെയര്‍മാന്റെ മറുപടി.

അതേസമയം ഇത് പ്രശസ്തനായ ഒരു വ്യക്തിയുടേത് ആത് കാരണമാണ് പരാതിയില്‍ കെ എസ് ഇ ബി നടപടി ഉണ്ടായതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സാധാരണക്കാരന്‍ ഉയര്‍ന്ന ബില്ലില്‍ പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകുമോ എന്നത് പോയിട്ട് ഒരു പ്രതികരണം തന്നെ ഉണ്ടാകുമോ എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്.