മധുര കൃഷ്ണ ജന്മഭൂമി ഹിന്ദുക്കൾക്ക് തിരികെ നൽകൂ ;പൊതുതാല്‍പര്യ ഹര്‍ജി

മധുര കൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമപോരാട്ടത്തിന്റെ സുപ്രധാന വേളയില്‍ ഹിന്ദു സമൂഹത്തെ പിന്തുണച്ച് സനാതന ധര്‍മ്മ പരിഷത്ത് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനൊരുങ്ങുന്നു. പരിഷത്തിനെ പ്രതിനിധീകരിച്ച് ജഗദ്ഗുരു ഡോ. രാജീവ് മേനോന്‍ മധുരയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.സനാതന ധര്‍മ്മ പരിഷത്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന നിലയില്‍ മധുരയിലെ തര്‍ക്കഭൂമിയുടെ പ്രാധാന്യം അടിവരയിടുന്നുണ്ട്. കൂടാതെ, ജഗദ്ഗുരു ഡോ. രാജീവ് മേനോന്‍ ഹിന്ദു സമൂഹത്തിന് തര്‍ക്കഭൂമിയുടെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം ഊന്നിപ്പറയുകയും എല്ലാ ഭാഗത്തുനിന്നും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു.

അതേ സമയം, മുസ്ലീം സഹോദരീസഹോദരന്മാരോട് ആരാധനാലയം മാറ്റി സ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് വിനീതമായ അഭ്യര്‍ത്ഥന നടത്തി. മുസ്ലീം സമുദായത്തോട് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും തര്‍ക്കഭൂമിയുടെ ചരിത്രം അറിയിക്കാനും ശ്രമിച്ചു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഹിന്ദുക്കള്‍ക്ക് വളരെയധികം ആത്മീയ മൂല്യം നല്‍കുന്നുവെന്നും നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ബഹുമാനിക്കാനും സംരക്ഷിക്കാനും അത് നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് അഗാധമായ മതപരമായ പ്രാധാന്യമുള്ളതാണെങ്കിലും, ഇത് പ്രാഥമികമായി മുസ്ലീം സമുദായത്തിന്റെ ആരാധനാലയമായി വര്‍ത്തിക്കുന്നു എന്ന വിശ്വാസത്തിലാണ് പരിഷത്തിന്റെ ഹര്‍ജി. ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വം സൃഷ്ടിക്കുകയാണ് സനാതന ധര്‍മ്മ പരിഷത്തിന്റെ സംരംഭം ലക്ഷ്യമിടുന്നത്. നിയമനടപടികള്‍ തുടരുമ്പോള്‍ കൃഷ്ണജന്മഭൂമി കേസിനെ ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മഥുരയാണ് എന്നു നമുക്കറിയാം. പുരാണങ്ങള്‍ അനുസരിച്ച് ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേര്‍ന്ന ദിവസം അര്‍ദ്ധരാത്രിയാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. അപ്പോള്‍ മഥുരയിലെ കംസ മഹാരാജാവിന്റെ കാരാഗൃഹത്തില്‍ ബന്ധനസ്ഥരായിരുന്നു കൃഷ്ണന്റെ മാതാ പിതാക്കളായ ദേവകിയും വസുദേവരും. ഡോ വാസുദേവ് ശരണ്‍ അഗര്‍വാളും, ശ്രീ കൃഷ്ണദത്ത വാജ്‌പേയി തുടങ്ങിയ ചരിത്രകാരന്മാര്‍ നിരവധി പഠനങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്, മഥുരയിലെ പഴയ കത്ര കേശവദേവ് ക്ഷേത്രമാണ് ശ്രീകൃഷ്ണന്റെ യഥാര്‍ത്ഥ ജന്മസ്ഥാനം എന്നാണ്. ഔറംഗസേബ് നിര്‍മ്മിച്ച ഷാഹി ഇദ്ഗാഹ് സ്ഥിതി ചെയ്യുന്ന ഇവിടം കേശവ് റായ് എന്ന പേരിലും പ്രസിദ്ധമാണ്.

ശ്രീകൃഷ്ണ ജനനത്തിന്റെ സ്മാരകമായി ജന്മഭൂമിയില്‍ ഒരു മഹാക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരുന്നു. പ്രസിദ്ധമായ സോമനാഥ ക്ഷേത്രം പോലെ, കൃഷ്ണജന്മഭൂമിയിലെ ക്ഷേത്രവും അധിനിവേശക്കാരാല്‍ അനേകം തവണ ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ ദു:ഖകരമെന്നു പറയട്ടെ, മഹാദേവന് തന്റെ ആസ്ഥാനമായ സോമനാഥക്ഷേത്രം തിരികെ കിട്ടിയപ്പോള്‍, ഇവിടത്തെ തര്‍ക്കം പരിഹരിക്കപ്പെടാതെ തുടര്‍ന്നു. അതിന്റെ ഫലമായി ഭഗവാന്‍ ശ്രീകൃഷ്ണന് തന്റെ ജന്മസ്ഥലം തിരികെ അവകാശപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ശ്രീകൃഷ്ണ ജന്മസ്ഥാനത്ത് നിര്‍മ്മിക്കപ്പെടുകയും കൈയ്യേറ്റക്കാരാല്‍ തകര്‍ക്കപ്പെടുകയും ചെയ്യപ്പെട്ട ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ഇവിടെ വായിക്കാംഈ ജന്മഭൂമിയില്‍ ആദ്യത്തെ ക്ഷേത്രം നിര്‍മ്മിച്ചത് ശ്രീകൃഷ്ണന്റെ പൗത്രനായ വജ്രനാഭന്‍ ആയിരുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം.

പിന്നീട് ഗുപ്തകാലഘട്ടത്തില്‍ ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ ആ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുകയും വിപുലീകരിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. വിക്രമാദിത്യനാല്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം അത്ഭുതകരമായ വാസ്തുകലയുടെ മകുടോദാഹരണമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാല ഘട്ടത്തില്‍ ഗുപ്ത ചക്രവര്‍ത്തി മഥുരയെ സംസ്‌ക്കാരത്തിന്റെയും കലയുടെയും ഏറ്റവും മഹത്തായ കേന്ദ്രമാക്കി മാറ്റിയിരുന്നു. പൊതുവര്‍ഷം 1017 ല്‍ മുഹമ്മദ് ഗസ്‌നിവിയാല്‍ ഈ മഹാക്ഷേത്രം തകര്‍ക്കപ്പെട്ടു.

പിന്നീട് 1150 ല്‍ രാജാ വിജയപാല ദേവന്റെ കാലത്ത് ജജ്ജ എന്നു പേരായ ഒരു വ്യക്തി ഇവിടെ മൂന്നാമതായി ക്ഷേത്രം വീണ്ടും നിര്‍മ്മിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സിക്കന്ദര്‍ ലോധി (നിസാം ഖാന്‍) ഈ ക്ഷേത്രം തകര്‍ത്തു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കാലഘട്ടത്തിലാണ് രാജാ ബീര്‍ സിംഗ് ബുന്ദേല ഇവിടെ നാലാമത്തെ ക്ഷേത്രം നിര്‍മ്മിക്കുന്നത്. 1670 ല്‍ ഔറംഗസേബ് ഈ ക്ഷേത്രം തകര്‍ക്കുകയും അതിന്റെ സ്ഥാനത്ത് ഷാഹി ഈദ്ഗഹ് നിര്‍മ്മിക്കുകയും ചെയ്തു. പുണ്യ നഗരമായ മഥുരയുടെ പേര് ഇസ്ലാമാബാദ് എന്ന് മാറ്റുക പോലും ചെയ്തു മുഗള്‍ ചക്രവര്‍ത്തി.