മാഹിയിൽ നിന്ന് എണ്ണയടി, കണ്ണൂരിൽ പമ്പ് അടച്ച് സമരം

കേരളത്തിലെ പെട്രോൾ ഡീസൽ കൊള്ളവില മൂലം അതിർത്തി ജിലകളിലേ പമ്പുകൾ അടച്ച് പൂട്ടലിന്റെ വക്കിൽ. മാഹിയിൽ കേരളത്തിലേക്കാൾ 10 രൂപയിലധികമാണ്‌ ലിറ്ററിൽ കുറവ്. കർണ്ണാടകത്തിലും വൻ കുറവ്. ഇതുമൂലം മാഹിയിൽ നിന്നും കർണ്ണാടകത്തിൽ നിന്നും എണ്ണ എത്തുന്നതും വാഹനങ്ങൾ പോയി അടിക്കുന്നതും മൂലം കച്ചവടം പ്രതിസന്ധിയിലായി എന്ന് കണ്ണൂരിലെ പെട്ര്ൾ പമ്പുകാർ.

കർണാടകയിൽ നിന്നും മാഹിയിൽനിന്നും പെട്രോൾ കടത്തി ജില്ലയിൽ വിതരണം ചെയ്യുന്നതിനെതിരെ ഈ മാസം 30ന് പെട്രോൾ പമ്പുകൾ അടച്ച് പണിമുടക്കുമെന്നു കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ. 24 മണിക്കൂറാണു സമരം. സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ വിൽപന നികുതി നഷ്ടം വരുത്തിയും ജില്ലയിലെ പെട്രോൾ പമ്പുകളിൽ വ്യാപാരനഷ്ടം വരുത്തിയുമാണ് ഇന്ധനക്കടത്തു തുടരുന്നത്.എണ്ണ വിലയുടെ അന്തരം മൂലം കേരളത്തിനു കോടികളാണ്‌ നികുതി നഷ്ടവും. മാഹിയും കർണ്ണാടകവും കേരളത്തിന്റെ പണവും തൂത്ത് വാരുന്നു.

മാഹിയും കർണ്ണാടകവും മലയാളികളുടെ എണ്ണ പണം കൊയ്യുകയാണ്‌. കൊള്ളവിലക്ക് ജനം ചുട്ട മറുപടി കൊടുത്തപ്പോൾ വറുതിയിലായി കണ്ണൂരിലെ പമ്പുകാർ. കച്ചവടം കുറഞ്ഞു. ഒരു കോടി ലിറ്ററിനു മേലാണ്‌ കേരളത്തിൽ ഡീസൽ കച്ചവടം കുറഞ്ഞത്.

മാഹിയിൽ പെട്രോളിന് ലീറ്ററിനു 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും വിലക്കുറവുണ്ട്. അവിടെനിന്ന് ടാങ്കർ ലോറികളിലും ബാരലുകളിലും കാനുകളിലുമായാണ് ജില്ലയിൽ ഇന്ധനം എത്തിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇന്ധനക്കടത്ത് പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളുണ്ടായില്ലെന്നും ആരോപിച്ചു. 2017നു ശേഷം ഡീലർ കമ്മിഷനിൽ വർധന ലഭിക്കാത്തതും മുതൽമുടക്കു വർധിച്ചതും കാരണം നഷ്ടങ്ങൾ സഹിച്ചാണു ജില്ലയിൽ പമ്പുകൾ പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.