യുഎസില്‍ കനാലില്‍ വീണ മലയാളി ഡോക്ടറെ കരക്ക് എത്തിക്കുന്നതിനിടെ ചീങ്കണ്ണികള്‍ പാഞ്ഞെത്തി, കാറിന് ചുറ്റും നില ഉറപ്പിച്ചു, വിനത ഡോക്ടര്‍ക്ക് മരണം

ഫ്‌ലോറിഡ:പഠിച്ച് ഡോക്ടര്‍ ആയി സ്വന്തം നാടായ വയനാട്ടിലേക്ക് മടങ്ങി പാവപ്പെട്ടവര്‍ക്കായി ഒരു ആശുപത്രി ആരംഭിക്കണം.രണ്ട് വര്‍ഷമെങ്കിലും സൗജന്യമായി സേവനം ചെയ്യണം.-ഡോ. നിതയുടെ സ്വപ്‌നം ഇതായിരുന്നു.സുഹൃത്തുക്കളോടും പിതാവ് എസി തോമസിനോടും പല പ്രാവശ്യം നിത ഇക്കാര്യം പറഞ്ഞിട്ടുണ്ട്.ഇതിനിടെയാണ് അകാലത്തില്‍ മരണം നിതയെ തട്ടിയെടുത്തത്.ഷിക്കാഗോയില്‍ ആയിരുന്നു ഉഴവൂര്‍ കുന്നുംപുറത്ത് എസി തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ നിത കുന്നുംപുറത്ത്(30) താമസിച്ചിരുന്നത്.അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു(ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറ്)അപകടമുണ്ടായത്.

ഫ്‌ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് കാര്‍ മറിഞ്ഞാണ് നിത മരിക്കുന്നത്.തൊട്ട് പിന്നാലെ കാറില്‍ എത്തിയവര്‍ ഡോക്ടറെ രക്ഷിക്കാന്‍ കനാലില്‍ ഇറങ്ങിയെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതിനെ തുടര്‍ന്ന് കരയിലേക്ക് തിരികെ കയറുകയായിരുന്നു.ഇവര്‍ വിവരം അറിയിച്ചതിന് അനുസരിച്ച് പോലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.മയാമിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. നിത ഇല്ലിനോയ് ബെന്‍സന്‍വില്ലെയിലെ താമസസ്ഥലത്തുന്ന് നേപ്പിള്‍സിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്.നിത ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട കാര്‍ കനാലില്‍ വീഴുകയായിരുന്നു.

തൊട്ടുപിന്നാലെ എത്തിയ കാറില്‍ അമേരിക്കന്‍ ദമ്പതികള്‍ ആയിരുന്നു.ഇവരില്‍ ഭര്‍ത്താവ് കനാലിലേക്ക് ചാടി കാറില്‍ നിന്നും നിതയെ പുറത്ത് എടുത്തു.ഈ സമയം നിതയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.തുടര്‍ന്ന് നിതയെ കരക്ക് എത്തിക്കുന്നതിനിടെ ചീങ്കണ്ണികള്‍ പാഞ്ഞെത്തി.ഇത് കണ്ട് കരയില്‍ നിന്ന ഭാര്യ അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ച് കരക്ക് കയറുകയായിരുന്നു.തുടര്‍ന്ന് ഇദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി നിതയെ കരക്ക് എത്തിക്കുകയും ചെയ്തു.എന്നാല്‍ ഈ സമയം മരണം സംഭവിച്ചിരുന്നു.

പത്താംക്ലാസ് പഠനത്തിന് ശേഷമാണ് നിത കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.നിതയുടെ മൂത്ത സഹോദരന്‍ നിതിന്‍ ഫാര്‍മസിയിലും സഹോദരി നിമിഷി ഫിസിയോതെറാപ്പിയിലും ബിരുദം നേടി.നിത മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം നേടാനായി മയാമിയില്‍ ആശുപത്രിയില്‍ ചേര്‍ന്നു.ഇതോടെ കഴിഞ്ഞ ഡിസംബറില്‍ മയാമിയിലേക്ക് താമസം മാറ്റി.

നിതയുടെ മരണം അമേരിക്കന്‍ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.കാറിന് അരികിലേക്ക് ചീങ്കണ്ണികള്‍ നീന്തി വരുന്നതിന്റെ വീഡിയോയും ചില മാധ്യങ്ങള്‍ പുറത്ത് വിട്ടു.കാറിന് ചുറ്റും ചീങ്കണ്ണികള്‍ കൂടി നിന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.കനാലിലേക്ക് ഇറങ്ങാനാവാത്ത അവസ്ഥയായിരുന്നു.ഒന്നു രണ്ട് ചീങ്കണ്ണികള്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിച്ചതെന്ന് പോലീസ് പറയുന്നു.