ആള്‍മാറാട്ടം നടത്തി പൂജാരിയായി, യുവതിയുമായി അടുപ്പം, പിന്നാലെ 11കാരിയായ യുവതിയുടെ മകളെ പീഡിപ്പിച്ചു

കിളിമാനൂര്‍: പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്ത ആള്‍മാറാട്ട കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ആലപ്പാട് ചെറിയഴിക്കല്‍ കക്കാത്തുരുത്ത് ഷാന്‍ നിവാസില്‍ ഷാന്‍ എന്ന 37 കാരനാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് ഇയാള്‍ കുട്ടിയെ ദുരുപയോഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു ക്ഷേത്രത്തില്‍ വ്യാജപേരില്‍ പൂജാരിയായി കഴിയുകയായിരുന്നു ഇയാള്‍. ഈ കാലയിളവിലാണ് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചത്.

കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത് 2018ല്‍ ആണ്. വ്യാജ പേരില്‍ പൂജാരിയായി എത്തിയ പ്രതി പരിസരത്തുള്ള സ്ത്രീയുമായി പരിചയത്തിലായി. തുടര്‍ന്ന് സ്ത്രീയുടെ വീട്ടില്‍ പതിവായി സന്ദര്‍ശനം നടത്തി. ഇതിനിടെ സ്ത്രീയുടെ അറിവോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് അമ്മയും പ്രതിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ അമ്മയോട് വഴക്കിട്ട പെണ്‍കുട്ടി പിന്നീട് വിവരം പിതാവിനെ അറിയിക്കുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ആയിരുന്നു.

പരാതി സ്വീകരിച്ച പോലീസ് കോതമംഗലം വടാട്ടു പാറയില്‍ നിന്ന് ഷാനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശ്യാം എന്ന പേരില്‍ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും ഷാന്‍ പൂജ നടത്തി വരികയായിരുന്നു,. കരുനാഗപ്പള്ളി ഇടക്കുളങ്ങരയില്‍ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരില് വ്യാജ രേഖ ഉണ്ടാക്കി ആയിരുന്നു ഷാന്‍ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചത്. ചെല്ലുന്ന ഇടങ്ങളില്‍ സ്ത്രീകളുമായി ഷാന്‍ പരിചയത്തിലാകും. തുടര്‍ന്ന് അവരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങുകായണ് പതിവ്.

സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നതും ഷാന്റെ പതിവായിരുന്നു. നിരവധി സിം കാര്‍ഡുകളും വ്യാജ രേഖകളും ഇയാളില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. കളിമാനൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെബി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ബിജുകുമാര്‍, എസ് സി പി ഒ മനോജ്, സിപിഒ സഞ്ജീവ്, വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് ഷാനിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.