മഞ്ജുവിന്റെ വൈറല്‍ ലുക്ക് കോപ്പിയടിച്ചു; ഷര്‍ട്ടും മിഡിയുമണിഞ്ഞ് ഒരു സുന്ദരി മുത്തശ്ശി

മലയാളികളുടെ പ്രീയതാരം മഞ്ജു വാര്യര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത് വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടും അണിഞ്ഞുകൊണ്ടായിരുന്നു. താരത്തിന്റെ ഈ ലുക്കും ബാങ്‌സ് സ്‌റ്റൈലിലുള്ള മുടിയും ഏറെ ശ്രദ്ധ നേടി. ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയ താരത്തിന്റെ ചിത്രമാണ് ഹിറ്റായത്. സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ് ഈ ചിത്രം എന്നായിരുന്നു ഭൂരിഭാഗം പേരുടേയും വിലയിരുത്തല്‍.

അതിന് പിന്നാലെ ഈ വേഷത്തെ കോപ്പി ചെയ്ത് നിരവധി പേര്‍ പാവാടയും ഷര്‍ട്ടിലും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മഞ്ജുവിന്റേയും ആരാധകരുടേയും മനം കവരുകയാണ് ഒരു മുത്തശ്ശി. മഞ്ജുവിനെപ്പോലെ വെള്ള ഷര്‍ട്ടും പാവാടയും ധരിച്ച് നില്‍ക്കുന്ന മുത്തശ്ശിയുടെ ചിത്രമാണ് ഹിറ്റാകുന്നത്. വാക്കറിലാണ് നടക്കുന്നതെങ്കില്‍ ആള് നല്ല ആത്മവിശ്വാസത്തിലാണ് മഞ്ജുവിനെ പോലെ പോസ് ചെയ്യുന്നത്. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രം പങ്കുവെച്ചത്.

‘ഇതിനുമപ്പുറം എന്ത് അംഗീകാരം. ഒരുപാടൊരുപാടു സ്‌നേഹം ലക്ഷ്മി ആന്റീ,’ താരം കുറിച്ചു. തന്റെ വൈറല്‍ ചിത്രത്തിനൊപ്പം മുത്തശ്ശിയുടെ ചിത്രവും ചേര്‍ത്തുവെച്ചുകൊണ്ടാണ് പോസ്റ്റ്. എന്തായാലും മുത്തശ്ശിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മഞ്ജുവിനേക്കാള്‍ ആത്മവിശ്വാസം ഈ മുഖത്ത് കാണാമെന്ന് ആരാധകര്‍ കുറിക്കുന്നു.