മിഥുൻ രമേശ് ആശുപത്രി വിട്ടു ; എല്ലാവരുടെയും പ്രാർഥനയ്ക്കും സ്‌നേഹത്തിനും നന്ദിയെന്ന് താരം

മലയാളികളുടെ പ്രിയ താരം മിഥുൻ രമേശിനെ ബെൽസ് പാൾസിയെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരം. ഇന്ന് ആശുപത്രിയിൽ നിന്നും ഇന്ന് ഡിസ്ചാർജ് ആവുകയാണെന്ന വിവരം താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചു

കുറച്ച് നാളത്തെ ചികിത്സയ്ക്കു ശേഷം ഇന്ന് ഡിസ്ചാർജ് ആവുകയാണ് എന്ന് പറഞ്ഞ മിഥുൻ, തിരുവനന്തപുരത്ത് കുറച്ച് ദിവസം കൂടി കാണുമെന്നും ചികിത്സയുടെ ഭാഗമായുള്ള ഫിസിയോതെറാപ്പി നടത്തേണ്ടതുണ്ടെന്നും പറഞ്ഞു. പൂർണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും മിഥുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.

മുഖം കോടുന്ന അസുഖമാണ് ബെൽസ് പാൾസി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ മിഥുൻ ചികിത്സ തേടിയത്.

തനിക്കായി പ്രാർത്ഥിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്ത ആരാധകർക്കും അദ്ദേഹം നന്ദിയും പറഞ്ഞു. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരത്തിന് ആരാധകർ ഏറെയാണ്. അതിനാൽത്തന്നെ മിഥുനിന്റെ അസുഖവിവരം ആരാധകരിലും അസ്വസ്ഥതയുണ്ടാക്കി. സിനിമ മേഖലയിലെ നിരവധി പേർ മിഥുനെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു.