മുൻ എംഎൽഎയുടെ അശ്ലീല വീഡിയോകൾ വൈറലായി, സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ കോൺ​ഗ്രസ്

ജയ്പുർ : മുൻ എം.എൽ.എയുടെ അശ്ലീല വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നടപടിയുമായി രാജസ്ഥാൻ കോൺഗ്രസ്. ബാർമറിൽ നിന്നുള്ള മുൻ എം.എൽ.എ മേവാ റാം ജെയിനെ അച്ചടക്കനടപടിയുടെ ഭാഗമായി പാർട്ടി പുറത്താക്കി. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസാരയാണ് നടപടിയെടുത്തത്.

പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. അധാർ‍മിക പ്രവർത്തനങ്ങൾ ജയിനിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. തുടർന്ന് കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

ഡിസംബറിൽ ജോധ്പൂരിലെ രാജീവ് ഗാന്ധി നഗർ പോലീസ് സ്‌റ്റേഷനിൽ മേവാറാം ജെയിനിനെതിരെ വിവാഹിതയായ യുവതി ബലാത്സംഗക്കേസ് ഫയൽ ചെയ്തിരുന്നു. ജെയിനും ഇയാളുടെ കൂട്ടാളി രാംസ്വരൂപ് ആചാര്യയും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയും 15 വയസ്സുള്ള പ്രായപൂർത്തിയാകാത്ത മകളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി.

യുവതിയുടെ പരാതിയിൽ മേവാറാം ജെയിൻ, ആർ.പി.എസ് ആനന്ദ് സിംഗ് രാജ്‌പുരോഹിത് എന്നിവരുൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തു. ഇതിനിടെ രണ്ട് അശ്ലീല വീഡിയോകളും യുവതി പരാമർശിച്ചിരുന്നു. ഇതിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. എന്നാൽ, രാജസ്ഥാൻ ഹെെക്കോടതി ജനുവരി 25 വരെ എംഎൽഎയുടെ അറസ്റ്റ് സ്റ്റേ ചെയ്യുകയും പോലീസ് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.