പുറത്ത് ധൈര്യം കാണിക്കുമെങ്കിലും രണ്ടുപേരും പേടിത്തൊണ്ടന്മാരാണ്, ഒടുവില്‍ ഉണ്ണികൃഷ്ണനെയും മാളയെയും കുറിച്ച് മുകേഷ്

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് ഒടുവില്‍ ഉണ്ണി കൃഷ്ണനും മാള അരവിന്ദനും. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ച് ദശകത്തോളം മലയാളികളുടെ മനസില്‍ നിറഞ്ഞ് നിന്ന താരങ്ങളാണ് ഇരുവരും. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന മലയാളികളുടെ പ്രിയങ്കരനായ നടന്‍ ഓര്‍മയായിട്ട് പതിനഞ്ച് വര്‍ഷത്തിലധികമായി.

ചെറുപ്പ കാലത്ത് തബലിസ്റ്റ് ആയിരുന്നു മാള അരവിന്ദന്‍. നാടകങ്ങളില്‍ അണിയറയില്‍ തബലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. അരവിന്ദന്‍ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 1968 ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദന്‍ സിനിമാരംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് അദ്ദേഹം പ്രസിദ്ധനായി. നൂല്‍പ്പാലം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇേേപ്പാള്‍ ഇരുവരെയും കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു സിനിമയുടെ സെറ്റില്‍വെച്ച് ഒടുവില്‍ ഉണ്ണികൃഷ്ണനും മാള അരവിന്ദും തമ്മിലുണ്ടായ ഒരു പ്രശ്‌നത്തെ കുറിച്ചാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരിക്കുന്നത്.

‘ഞങ്ങള്‍ എല്ലാവരും ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഷൂട്ടിങിലായിരുന്നു. രണ്ട് ദിവസത്തെ ഷൂട്ട് കഴിഞ്ഞു. ഇനി ഒരു ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. എല്ലാം അതനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചു. കാരണമായി പറഞ്ഞത്‌ല വീടിന്റെ പാലുകാച്ചല്‍ ഉണ്ടെന്നാണ്. ആര് വന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അവസാനം ഞാന്‍ ആ അവസ്ഥ തമാശ രൂപേണ പറഞ്ഞു. ചേട്ടന് അത് സുഖിച്ചില്ല. അന്ന് എന്നോട് ദേഷ്യപ്പെട്ടില്ലെങ്കിലും പിന്നാലെ വന്ന മാളച്ചേട്ടന്‍ കളിയാക്കിയപ്പോള്‍ ഉണ്ണിച്ചേട്ടന്‍ അവിടെ തീര്‍ത്തു. ഇരുവരും വലിയ തര്‍ക്കമായി. ശേഷം രണ്ട് മുറിയില്‍ പോയിരുന്നു പിറുപിറുക്കാനും ആശങ്കകള്‍ പങ്കുവെക്കാനും തുടങ്ങി. പുറത്ത് ധൈര്യം കാണിക്കുമെങ്കിലും രണ്ടുപേരും പേടിത്തൊണ്ടന്മാരാണ്. അവസാനം ഉച്ചസ്ഥായിയിലായിരുന്ന വഴക്ക് ഒരു ഫോണ്‍ കോളിലൂടെ ഉടന്‍ തന്നെ ഇരുവരും അവസാനിപ്പിച്ചു. അന്നാണ് എനിക്ക് മനസിലായത് ഇരുവരും പഞ്ചപാവങ്ങള്‍ കൂടിയാണെന്ന്’ മുകേഷ് പറയുന്നു.