കോവിഡ്: താഴെത്തട്ടിൽ സാമൂഹികപ്രവർത്തനങ്ങൾ സജീവമാക്കാൻ ബി.ജെ.പി. പ്രവർത്തകർക്ക് കേന്ദ്രനിർദേശം

കോവിഡ് മഹാമാരിയെ നേരിടുന്നതിലെ വീഴ്ചകളെച്ചൊല്ലി കേന്ദ്രസർക്കാരിനെതിരേ വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ, താഴെത്തട്ടിൽ സാമൂഹികപ്രവർത്തനങ്ങൾ സജീവമാക്കാൻ പ്രവർത്തകർക്ക് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. എം.പി.മാരും എം.എൽ.എ.മാരും മണ്ഡലങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകണം. ഈ മാസം 30 നു നടക്കുന്ന മോദിസർക്കാരിന്റെ ഏഴാംവാർഷികത്തിന് ആഘോഷങ്ങൾ ഒഴിവാക്കണം. പകരം കൊവിഡിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ അടിയന്തരനടപടിയുണ്ടാകണം.

മരുന്നുകൾ, ആശുപത്രി കിടക്കകൾ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. പാർട്ടി എം.എൽ.എ.മാരും എം.പി.മാരും മണ്ഡലങ്ങളിലെ ആശുപത്രികൾ സന്ദർശിക്കുകയും കോവിഡ് മരണംനടന്ന വീടുകളിൽ അടിയന്തര സഹായമെത്തിക്കുകയും വേണമെന്ന് പാർട്ടി നിർദേശിച്ചു. കോവിഡിൽ അനാഥരാക്കപ്പെടുന്ന കുട്ടികൾക്കായി പുനരധിവാസപദ്ധതികൾ ആവിഷ്കരിക്കാൻ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ ആവശ്യപ്പെട്ടു.

കർഷകസമരം കൈകാര്യംചെയ്തതിലെ വിമർശനങ്ങൾ അടങ്ങുംമുമ്പാണ് കോവിഡ് പ്രതിരോധരംഗത്തെ വീഴ്ചകളെച്ചൊല്ലി ആക്ഷേപങ്ങളുയരുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നേതാക്കളോടും പ്രവർത്തകരോടും കേന്ദ്രനേതൃത്വം നിർദേശിച്ചത്. നേരത്തെ രണ്ടാംതരംഗം നേരിടുന്നതിൽ സർക്കാരും ഭരണസംവിധാനങ്ങളും ജനങ്ങളും അലംഭാവംകാട്ടിയെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതും വിമർശനവുമായി രംഗത്തെത്തിയിരുന്നു.