സര്‍ക്കാരിന്റെ വക വീടെന്ന് വീമ്പിളക്കല്‍ മാത്രം, രാജന്റെ മക്കള്‍ കുടിലില്‍ തന്നെ; ബോബി ചെമ്മണ്ണൂരിനോട് ക്ഷമ ചോദിക്കുന്നു

തിരുവനന്തപുരം : രാജന്റെ മരണം കേരളത്തില്‍ ചര്‍ച്ചാവിഷയമായപ്പോള്‍ ഇവര്‍ക്ക് സ്ഥലം വിട്ടു നല്‍കി വീട് വെച്ച്‌ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കല്‍ ശ്രമത്തിനിടെ ഗുരുതരമായി തീപൊള്ളലേറ്റ് മരിച്ച രാജന്‍- അമ്പിളി ദമ്പതികളുടെ
മക്കള്‍ക്ക് വീട് നിര്‍മിച്ച്‌ നല്കുമെന്ന സര്‍ക്കാരിന്റ വാഗ്ദാനം പാഴ്വാക്കായി .

വീട് ഒഴിപ്പിക്കില്ല എന്നും ഭൂമിക്ക് പട്ടയം നല്‍കും എന്നുമായിരുന്നു സര്‍ക്കാര്‍ രാജന്റെ കുടുംബത്തിന് നല്‍കിയ വാഗ്ദാനം. കൂടാതെ മൂത്ത മകന് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ വീട് വെച്ച്‌ നല്‍കുമെന്ന ഉറപ്പില്‍ പഞ്ചായത്ത് പത്ത് സെന്റ് ഭൂമി ഇവര്‍ക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന് രാജന്റെ മക്കള്‍ പറയുന്നു.

മാതാപിതാക്കളുടെ മരണത്തോടെ തനിച്ചായ മക്കളെ ഏറ്റെടുക്കാന്‍ ബോബി ചെമ്മണ്ണൂര്‍ തയ്യാറായി എത്തിയിരുന്നു. ഇവരുടെ സ്ഥലം ഏറ്റെടുത്തു നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹം രംഗത്ത് വന്നെങ്കിലും, സര്‍ക്കാരിനെ വിശ്വസിച്ച്‌ കുട്ടികള്‍ സഹായം നിരസിച്ചു . വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ബോബിയുടെ സഹായം നിരസിച്ചതിന് ക്ഷമ ചോദിക്കുകയാണെന്നും കുട്ടികള്‍ പറഞ്ഞു.

‘വീട് തരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് ഇതുവരെയായിട്ടും തന്നിട്ടില്ല. സര്‍ക്കാരിന്റെ സ്ഥലമാണല്ലോ, അതുകൊണ്ട് സര്‍ക്കാര്‍ തരുമെന്ന് കരുതി. സര്‍ക്കാരിനെ വിശ്വസിച്ച്‌ പോയി. വീട് വെച്ച്‌ തരുമെന്ന് പലരും പറഞ്ഞു. അതൊക്കെ വെറുതെ ആണ്. സര്‍ക്കാരില്‍ വിശ്വാസമില്ല. അന്നത്തെ സംഭവത്തിനിടെയാണ് ബോബി സാറിനോട് സഹായം വേണ്ടെന്ന് പറയേണ്ടി വന്നത്. എത്രയും പെട്ടന്ന് സര്‍ക്കാര്‍ ഒരു നടപടി എടുക്കണമെന്ന് ആണ് ഞങ്ങളുടെ ആവശ്യം’, മകന്‍ പറയുന്നു.

2020 ഡിസംബര്‍ 22നാണ് അനധികൃതമായി കൈയ്യേറിയ ഭൂമിയാണെന്ന് കാണിച്ച്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രാജന്റെ കുടുംബത്തെ ഒഴിപ്പിക്കാന്‍ കോടതി ജീവനക്കാരും പൊലീസുമെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബത്തോട് വീടു വീട്ടിറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടു. പരാതി കൊടുത്ത സ്ത്രീ പറയുന്നത് കള്ളമാണെന്നും സ്റ്റേ ഓഡര്‍ ഉടന്‍തന്നെ കിട്ടുമെന്ന് പറഞ്ഞിട്ടും പൊലീസ് ചെവിക്കൊള്ളാന്‍ തയ്യാറാകാതെ വന്നതോടെ രാജന്‍ പെട്രോള്‍ എടുത്ത് ശരീരത്തിലൊഴിച്ച ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. അതിനിടെ എ.എസ്.ഐ അനില്‍കുമാര്‍ രാജന്റെ കൈയിലിരുന്ന ലൈറ്റര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രാജന്റെയും തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയുടെയും ദേഹത്ത് തീ കത്തിപ്പടരുകയായിരുന്നു.