ഒരു പ്രശ്നവുമില്ല, കള്ളനോട്ട് കേസിലെ പ്രതി ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തിരികെ ജയിലിലേക്ക് മടക്കി

ആലപ്പുഴ . കള്ളനോട്ട് കേസില്‍ പ്രതിയായ എടത്വയിലെ മുന്‍ കൃഷി ഓഫീസറും മോഡലുമായ ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തിരികെ ജയിലിലേക്ക് അയച്ചു. തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും മാവേലിക്കര ജില്ല ജയിലിലേക്കാണ് ജിഷ മോളെ എത്തിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് ജിഷാമോളെ ജയിലിലേക്ക് മാറ്റുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജിഷാമോൾക്ക് ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് വ്യക്തമാക്കുന്ന്. കള്ളനോട്ട് കേസ് അന്വേഷണം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണ ഫയലുകൾ കഴിഞ്ഞ ദിവസം സൗത്ത് പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇത് പരിശോധിച്ച ശേഷം ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് വിവരം. ഒപ്പം പ്രതികളെ കസ്റ്റഡിയില്‍ കിട്ടാൻ കോടതിയില്‍ അപേക്ഷ നൽകും.

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി വി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജിഷ മോള്‍ക്ക് എങ്ങനെയാണ് കള്ളനോട്ട് ലഭിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയനാട് സ്വദേശിയായ സനീറും കണ്ണൂര്‍ സ്വദേശിയായ അഖിലും ചേര്‍ന്ന് ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിമിനു കള്ളനോട്ടുകള്‍ കൈമാറും. ഇയാളാണ് ആലപ്പുഴ സ്വദേശിയായ ഷിഫാസിനു പണം കൈമാറുക. ഷിഫാസ് ഗോകുലിനു നോട്ടുകള്‍ കൈമാറി. ഗോകുലിന്റെ സുഹൃത്താണ് ഗുരുപുരം സ്വദേശിയും കളരി ആശാനുമായ അജീഷ്. അജീഷ് വഴിയാണ് ജിഷമോള്‍ക്ക് കള്ളനോട്ടുകള്‍ എത്തി വന്നിരുന്നത്.

ഇതിനിടെ, ജിഷ നേരത്തെ പോലീസിനോട് പറഞ്ഞിരുന്ന പലതും കളവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജിഷയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. കൃഷി ഓഫീസില്‍ കൃത്യമായി ഹാജരാകാറില്ലെന്ന ആരോപണവും ഇതിനിടെ പുറത്ത് വന്നിരുന്നു. ആലപ്പുഴയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ജിഷയ്ക്ക് ബന്ധമുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കുന്നതാണ്. വിഷാദ രോഗ ചികിത്സ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജിഷ മോള്‍ തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. എന്നാൽ പോലീസിന്റെ അന്വേഷങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും ഒരു രക്ഷപെടലാണ് ജിഷാമോൾ നടത്തിയതെന്നാണ് പോലീസ് ബലമായി സംശയിക്കുന്നത്.