പ്രധാനമന്ത്രി മാത്രമല്ല പ്രതിപക്ഷവും അവിടെ തന്റെ പരിപാടിയില്‍ പങ്കെടുത്തു, പ്രതിപക്ഷ ബഹിഷ്‌കരണത്തില്‍ മോദിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി. രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ച പ്രതിപക്ഷത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രിയും മുന്‍ പ്രധാനമന്ത്രിയും അടക്കം പ്രതിപക്ഷ നേതാക്കളും പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി. ഇവര്‍ എല്ലാവരും ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ ഒന്നായി പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാന്‍, പാപ്പുവ ന്യൂഗിനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വരവേറ്റു. മെയ് 19-നാണ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടത്. ജി-7 ഉച്ചകോടി അടക്കം 4-ഓളം പരിപാടികളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനവേളയില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷനൊപ്പം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍, ഡല്‍ഹി എംപി രമേഷ് വിധുരി, ഹന്‍സ് രാജ് ഹന്‍സ്, ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീര്‍ സിങ് ബിധുരി എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.