പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയെ ഭയമില്ല, മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് മുഖത്ത് നോക്കി ചോദിക്കും

തിരുവനന്തപുരം. വീണാ വിജയന്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ് മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തെ സംബന്ധിച്ച വിവരങ്ങളില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നടപടികള്‍ എല്ലാം സുതാര്യമാണെന്ന് പറയുന്നവര്‍ക്ക് ഇക്കാര്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സത്യവാങ്മൂലം തെറ്റാണെന്ന് പറയണം അല്ലെങ്കില്‍ പണം വാങ്ങിയില്ലെന്ന് പറയണമെന്നും. വീണാ വിജയന്‍ 2016-17 വര്‍ഷത്തില്‍ 8 ലക്ഷവും, 2017-18ല്‍ 10 ലക്ഷവും 2018-19 ല്‍ 22 ലക്ഷവും 2019-20 ല്‍ 30 ലക്ഷവും കാണിച്ചിരിക്കുന്നു. കമ്പനിയില്‍ നിന്നും പണം വാങ്ങിയെങ്കില്‍ എന്ത് കൊണ്ട് വാങ്ങിയെന്ന് പ്രതികരിക്കണം. അതേസമയം രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് ബിസിനസ് ചെയ്യാന്‍ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നില്ല.

അതേസമയം എകെ ബാലന്റെ പ്രസ്താവന സിപിഎമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മാനസിക അവസ്ഥയാണെന്ന് കാണിക്കുന്നത്. സിപിഎം മുമ്പ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്. ഇപ്പോള്‍ ഭയപ്പെടുന്നത് പിണറായി വിജയനെയാണെന്നും പിബി മുതല്‍ താഴോട്ട് എല്ലാവര്‍ക്കും പിണറായി വിജയനെ ഭയമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് മുഖത്ത് നോക്കി ചോദിക്കും. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയെ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.