നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിനെ വിമര്‍ശിച്ച് പി. ചിദംബരം; പിണറായിക്ക് അഭിനന്ദനം

പാലാ ബിഷപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി ചിദംബരം. ബിഷപ്പിന്റേത് വികലമായ ചിന്തയാണെന്നും സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാമര്‍ശമെന്നും ചിദംബരം കുറ്റപ്പെടുത്തി. പാലാ ബിഷപ്പിനെ തീവ്ര ഹിന്ദു , വലതുപക്ഷ വിഭാഗങ്ങള്‍ പിന്തുണച്ചതില്‍ അതിശയമില്ലെന്നും ഇംഗ്ലീഷ് ദിനപ്പത്രത്തിലെ ലേഖനത്തില്‍ ചിദംബരം പറയുന്നു. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും ചിദംബരം വ്യക്തമാക്കി.

പ്രണയവും നാര്‍കോട്ടിക്കും യഥാര്‍ഥമാണ്. പക്ഷേ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണ്. ഒരു ഭാഗത്ത് മുസ്ലിംങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്തയാണിത്. നാര്‍കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണ്. തീവ്ര ഹിന്ദുത്വ വലതു പക്ഷ വിഭാഗങ്ങള്‍ ബിഷപ്പിനെ പിന്തുണക്കുന്നതില്‍ അത്ഭുതമില്ല. ഹിന്ദുത്വ ഗ്രൂപ്പുകള്‍ എങ്ങനെയാണ് ക്രിസ്ത്യാനികളെ പരിഗണിച്ചത് എന്നത് ഓര്‍ക്കണമെന്നും ചിദംബരം ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണയ്ക്കുന്നു.

മുഖ്യമന്ത്രിയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേതും ശരിയായ നിലപാടാണെന്ന് ചിദംബരം വ്യക്തമാക്കി. നാര്‍കോട്ടിക് ജിഹാദിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഗുജറാത്തില്‍ പിടികൂടിയ
3000 കിലോ ഹെറോയിനെക്കുറിച്ച് സംസാരിക്കണം. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്രയും അളവില്‍ മയക്കുമരുന്ന് രാജ്യത്ത് എത്തില്ല.പിടിയിലായവര്‍ മുസ്ലീംങ്ങളല്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജിഹാദിനെക്കുറിച്ചുള്ള സംസാരം നിര്‍ത്തണമെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ചിദംബരം ലേഖനത്തില്‍ ആവശ്യപെടുന്നു.

പി.ചിദംബരം എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:

”തീവ്ര ഹിന്ദു വിഭാഗങ്ങള്‍ കണ്ടുപിടിച്ച ലവ്​ ജിഹാദിന്​ ശേഷം നാര്‍കോട്ടിക്​ ജിഹാദെന്ന പേരില്‍ പുതിയ ഭീകരസ്വത്വം ഇറങ്ങിയിരിക്കുകയാണ്​. ഇത്​ ഞാനടക്കമുള്ള ഇന്ത്യയിലെ ലക്ഷക്കണക്കിന്​ പേരെ വേദനിപ്പിക്കുന്നതാണ്​. പാലയിലെ ബിഷപ്പ്​ ജോസഫ്​ കല്ലറങ്ങാട്ടാണ്​ ഇതിന്‍റെ ഉപജ്ഞാതാവ്​. പ്രണയവും നാര്‍കോട്ടികും യഥാര്‍ഥമാണ്​. പക്ഷേ അതിനോട്​ ജിഹാദ്​ ചേര്‍ക്കുന്നത്​ വികലമായ ചിന്തയാണ്​. മുസ്​ലിംകളേയും അല്ലാത്തവരേയും തെറ്റിക്കാനുള്ള പദ്ധതിയാണിത്​. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ബിഷപ്പിനെ പിന്തുണക്കുന്നതില്‍ യാതൊരു അത്​ഭുതവുമില്ല. ഹിന്ദുത്വഗ്രുപ്പുകള്‍ എങ്ങനെയാണ്​ ക്രിസ്​ത്യാനികളെ പരിഗണിച്ചത്​ എന്നത്​ കൂടി​ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്​.

ശരിക്കൊപ്പം നില്‍ക്കുന്നതും തെറ്റിനെതിരെ പോരാടുന്നതുമാണ്​ ജിഹാദ്​. ആധുനിക കാലത്താണ്​ ഇത്​​ ഹിംസാത്മക പ്രവര്‍ത്തനങ്ങളുടെ പര്യായമായത്​. ഇന്ത്യയില്‍ ഇസ്​ലാം വ്യാപന പദ്ധതിയുണ്ടെന്നതിന്​ ഇന്നേവരെ ഒരു തെളിവും ഇല്ല. ബിഷപ്പിന്‍റെ കലാപാഹ്വാനത്തിനെതി​െര പ്രതികരിച്ചതിന്​ മുഖ്യമന്ത്രി പിണറായി വിജയനെയും ​പ്രതിപക്ഷ നേതാവ്​ വി.ഡി സതീശനെയും ഞാന്‍ പ്രശംസിക്കുന്നു.

ജിഹാദ്​ എന്ന പദത്തെ പ്രണയവുമായും ലഹരിയുമായും ബന്ധിപ്പിക്കുന്നത്​ വികലമായ ചിന്തയാണ്​. നാര്‍കോട്ടിക്​ ജിഹാദിന്‍റെ പേരില്‍ മുതലെടുപ്പ്​ നടത്തുന്നവര്‍ ഗുജറാത്തില്‍ പിടികൂടിയ 3000 കിലോ ഹെറോയിനെക്കുറിച്ച്‌​ സംസാരിക്കണം. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്രയും വലിയ അളവില്‍ മയക്കുമരുന്ന്​ ഇറക്കാന്‍ കഴിയില്ലെന്ന്​ എനിക്ക്​ പറയാനാകും. ഇതില്‍ പിടികൂടിയ ദമ്ബതികള്‍ മുസ്​ലിംകളല്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജിഹാദിനെക്കുറിച്ചുള്ള സംസാരം നിര്‍ത്തി 3000 കോടിയുടെ ഹെറോയിനെക്കുറിച്ച്‌​​ സംസാരിക്കണം. ഇതില്‍ ആഭ്യന്തര സുരക്ഷയെ തകര്‍ക്കുന്നതും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാവുന്നതുമായ വിഷയങ്ങളുണ്ട്” .​