പട്ടാമ്പിയിൽ സ്വകാര്യ ബസ് തകർത്തത് ഒരു കുടുംബത്തിന്റെ ഏക അത്താണിയെ

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചതിന്റെ വേദനയിലും ഞെട്ടലിലുമാണ് നാട്ടുകാർ. വാണിയംകുളം പുലാച്ചിത്ര സ്വദേശി, കുന്നക്കാൽത്തൊടി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ 26കാരനായ കിഷോറാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ദാരുണമായ അപകടം നടന്നത്. വാണിയംകുളത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന കിഷോർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരേവന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. കൈകാലുകൾക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും ഏക അത്താണിയായിരുന്നു കിഷോർ. ഇതോടെ കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് അസ്തമിച്ചത്.അമ്മയും സഹോദരനുമായി കിഷോർ അച്ഛന്റെ സഹോദരിയുടെ തറവാട്ടിലാണ് താമസം. പുലാച്ചിത്രയിൽ പുതിയ വീടിന്റെ പണി നടക്കുന്നുണ്ട്. ഇവിടേക്ക് ഇരുവരെയും മാറ്റണമെന്നത് കിഷോറിന്റെ വലിയ സ്വപ്നമായിരുന്നു. കിഷോർ ചെറുതായിരിക്കുമ്പോഴേ അച്ഛൻ കൃഷ്ണൻകുട്ടി മരിച്ചു.

അമ്മ ഗിരിജ (48) പത്തുവർഷത്തിലേറെയായി കൈകാലുകൾ തളർന്നു കിടപ്പിലാണ്. ഈ സങ്കടത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് മൂത്തസഹോദരൻ കിരണിനും (27) ഇതേ അസുഖം പിടിപെട്ടത്. ഇതോടെ, രണ്ടുപേരുടെയും പരിപാലനമെല്ലാം കിഷോർ ഏറ്റെടുക്കുകയായിരുന്നു