മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണ൦ ആരംഭിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മുതല്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. ഏഴ് ദിവസമാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. ഇന്ന് വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടം മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും. ഏഴ് ദിവസം നീളുന്ന മണ്ഡല പര്യടന പരിപാടിയില്‍ 46 കേന്ദ്രങ്ങളില്‍ അദ്ദേഹം സംസാരിക്കും. ദിവസവും രാവിലെ പത്തിന് തുടങ്ങി വൈകിട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒന്‍പത് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകും. അതിന് ശേഷം മറ്റ് ജില്ലകളിലേക്ക് പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ സ്വന്തം മണ്ഡലത്തില്‍ തിരിച്ചെത്തൂ. പ്രചാരണ പരിപാടിക്കിടെയായിരിക്കും അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.