ശക്തി കേന്ദ്രയിൽ പ്രധാനമന്ത്രി, തേക്കിൽ തീർത്ത ‘അമ്പും വില്ലും’ നൽകി സ്വീകരണം

ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി മറൈൻ ഡ്രൈവിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വില്ലിങ്ടൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ തുടങ്ങി 4000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തശേഷമാണ് പ്രധാനമന്ത്രി മറൈൻ ഡ്രൈവിലെത്തിയത്.

കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിക്കു വേണ്ടി കെ.സുരേന്ദ്രൻ തേക്കിൽ തീർത്ത അമ്പും വില്ലിന്റെയും മാതൃക സമ്മാനമായി നൽകിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

ആദ്യമായാണ് ഒരു സംസ്ഥാനത്തെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ മോദി പങ്കെടുക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലൊന്നും മോദി ഈ യോഗത്തിൽ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് ഒരുക്കത്തിന് ബിജെപി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംഘടനാ സംവിധാനമാണ് ശക്തികേന്ദ്ര. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു തുടക്കമിടുന്നതിനാണ് പ്രധാനമന്ത്രി കേരളത്തിലെ 7000 ശക്തികേന്ദ്ര പ്രമുഖന്മാരുടെ യോഗത്തിൽ പങ്കെടുക്കുന്നത്.