ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കള്ളന്റെ കൈ കടിച്ച് മുറിച്ച് വീട്ടമ്മ

പാലക്കാട്: ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെയിലായിരുന്നു സംഭവം. ഉടൻ തന്നെ മാലയിലെ പിടിവിട്ട് പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. കഴി‍ഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

രാവിലെ ഒൻപതേമുക്കാലോടെ വീട്ടുജോലിക്കായി മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിൽ ബസ്സിറങ്ങിയ ലത നടന്നു പോകുന്നതിനിടെയിലായിരുന്നു സംഭവം. പിന്നീലൂടെ എത്തിയ ബൈക്കിൽ നിന്ന് കഴുത്തിലെ മാലക്ക് പിടി വീണു എന്ന് മനസ്സിലാക്കിയ ലത മോഷ്ടാവിന്റെ കയ്യിൽ ആഞ്ഞു കടിക്കുകയായിരുന്നു. ഇതോടെ യുവാവ് പിടി വിടുകയും ലത മാല തിരിച്ചു പിടിക്കുകയും ചെയ്തു. കടി കിട്ടിയ പ്രതി അതിവേഗം കോങ്ങാട് റോഡിലൂടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും ഇയാൾ ബൈക്കിൽ അതിവേഗം രക്ഷപ്പെട്ടു

മണ്ണാർക്കാട് തെങ്കര മേലാമുറി സ്വദേശിനി ലതക്ക് നാല് മക്കളാണുള്ളത്. മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള ജീവിതച്ചെലവുകൾ ഭർത്താവിൻറെ കൂലിപ്പണികൊണ്ട് മാത്രം താങ്ങാനാകില്ലെന്ന് വന്നതോടെയാണ് ലത വീട്ടു ജോലിക്ക് പോയത്. വീട്ടുജോലിയെടുത്തുണ്ടാക്കിയ കാശ് കൂട്ടി വെച്ച് വാങ്ങിയ മാലയാണ് ലത ധരിച്ചിരുന്നത്. അതാ നഷ്ടപ്പെടുന്നത് ലതക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. എന്തായാലും കള്ളനായുള്ള തിരച്ചിൽ മണ്ണാർക്കാട് പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.