പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊളിച്ച് വിറ്റ് പോലീസ്, എന്ത് ചെയ്യണമെന്ന് അറിയാതെ ഉടമ

വയനാട് : ഇന്‍ഷുറന്‍സ് അടവ് തെറ്റിയതിന് മേപ്പാടി പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ ലേലത്തിൽ വിറ്റെന്ന് പരാതി. വയനാട് മുക്കിൽപ്പീടിക സ്വദേശി നാരായണനാണ് ‌ദുരവസ്ഥയുണ്ടായത്. 2018 ഡിസംബറില്‍ പോലീസ് പിടിച്ചെടുത്ത ഓട്ടോ നാരായണനെ അറിയിക്കാതെ പോലീസ് പൊളിച്ച് തൂക്കിവിറ്റു. നഷ്ടപരിഹാരം തേടി അന്നുമുതല്‍ ഇദ്ദേഹം ചെന്നുമുട്ടാത്ത വാതിലുകളില്ല. ”രണ്ടുലക്ഷംരൂപയുടെ ഓട്ടോയ്ക്ക് പതിനായിരം രൂപ തരാമെന്നാണ് പോലീസ് പറഞ്ഞത്.

1,000 രൂപ പിഴയും ഇൻഷുറൻസ് തുകയും അടച്ചാൽ വാഹനം വിട്ടുനൽകാമെന്നും പോലീസ് അറിയിച്ചിരുന്നു. എറണാകുളത്ത് സെക്യൂരിറ്റി പണിയെടുത്ത് ഇൻഷുറൻസ് അടയ്‌ക്കാനുള്ള തുക ഉണ്ടാക്കി നാരായണൻ മടങ്ങിയെത്തി. തന്റെ ജീവിത മാർ​ഗമായിരുന്ന ഓട്ടോറിക്ഷ തകർത്ത നിലയിലാണ് നാരായണന് കാണാൻ കഴിഞ്ഞത്.

ഓട്ടോ പിടിച്ചെടുത്തിട്ട് രണ്ട് മാസത്തോളമായില്ലെയെന്നും വാഹനം കൊണ്ടുപോകാൻ താമസിച്ചത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു പോലീസിന്റെ മറുപടി. ഇതിനിടെ സ്റ്റേഷന്റെ സ്ഥലപരിമിതി കാരണം ഓട്ടോ പാലക്കാടുള്ള ഒരു സ്റ്റീൽ കമ്പനിക്ക് ലേലത്തിൽ വിറ്റെന്ന് ലീ​ഗൽ സർവീസ് അതോറിറ്റിക്ക് പോലീസിന്റെ റിപ്പോർട്ട് ലഭിച്ചു. നഷ്ടപരിഹാരത്തിനായി വർഷങ്ങളായി അലയുകയാണ്
നാരായണൻ.