ചീട്ടുകളി പിടികൂടിയപ്പോള്‍ പോലീസിന് ബംബറടിച്ചു, ഉദ്യോഗസ്ഥർക്ക് 9 ലക്ഷം രൂപ കിട്ടി

കൊച്ചി:  ചീട്ടുകളി പിടികൂടി ലക്ഷാധിപതികളായ പോലീസുകാരെ കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാല്‍ അങ്ങനെയും ഒരു സംഭവം ഉണ്ടായി. ആലുവയിലെ ഒരു സംഘം പോലീസുകാര്‍ക്കാണ് ഒമ്പത് ലക്ഷം രൂപ പ്രതികളെ പിടിച്ചതിലൂടെ ലഭിച്ചത്.

2017 ഒക്ടോബര്‍ 15നാണ് ആലുവയിലെ പെരിയാര്‍ ക്ലബ്ബില്‍ നിന്നും ലക്ഷങ്ങള്‍ ഉപയോഗിച്ച് ചീട്ടുകളി നടത്തിയ സംഘത്തെ രഹസ്യ വിവരം ലഭിക്കുന്നത്. ഉടനന്‍ തന്നെ പ്രത്യേക സ്‌ക്വാഡിനെ ക്ലബ്ബില്‍ റെയ്ഡ് നടത്താന്‍ നിയോഗിച്ചു. ഇതോടെ സീന്‍ ആകെ മാറി. ഒന്നാം നിലയില്‍ പാഞ്ഞെത്തിയ പോലീസ് കാണുന്നത് ലക്ഷങ്ങള്‍ വെച്ചുള്ള പന്നിമലര്‍ത്ത് കളി. മേശകളില്‍ നിറയെ പണം. കളിക്കുന്നതാകട്ടെ സമൂഹത്തില്‍ ഉന്നത നിലയില്‍ ഉള്ളവര്‍.

പിന്നെ എല്ലാം ഞെടിയിണയില്‍ നടന്നു. 33 പേര്‍ അറസ്റ്റിലാവുകയും 18 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. കോടതിയില്‍ എത്തിയ പ്രതികള്‍ എല്ലാവരും കുറ്റസമ്മതവും നടത്തി. 500 രൂപ പിഴയടക്കുകയും ചെയ്തു. എന്നാല്‍ ഗയിം നിയമപ്രകാരം പിടിച്ചെടുത്ത പണത്തിന്റെ പകുതി സര്‍ക്കാര്‍ ഖജനാവില്‍ നല്‍കാം ബാക്കി പകുതി കേസ് പിടിച്ച പോലീസുകാര്‍ക്ക് ലഭിക്കും. ഈ നിയമം അറിഞ്ഞതോടെ കേസ് റജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി പോലീസ് കോടതിയില്‍ പണത്തിനായി അപേക്ഷ നല്‍കി.

അപേക്ഷ പരിഗണിച്ച കോടതി പണത്തിന്റെ പകുതിയായ 9 ലക്ഷം രൂപ പോലീസുകാര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടു. ക്ലബ്ബില്‍ റെയ്ഡിന് പോവുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത 23 ഉദ്യോഗസ്ഥര്‍ക്ക് ആയാണ് ഒമ്പത് ലക്ഷം രൂപ ലഭിക്കുക. രണ്ട് സിഐമാരും രണ്ട് എസ്‌ഐമാരും ഇവരിലുള്‍പ്പെടുന്നു. ഒരു വനിത ഉള്‍പ്പെടെ ബാക്കി എല്ലാവരും സിവില്‍ പോലീസ് ഓഫീസര്‍മാരാണ്. ഇവരില്‍ മിക്കവരും മറ്റ് ജില്ലകളിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.

ഇനി പണം ഇവര്‍ക്ക് സ്വന്തം പോക്കറ്റിലിടാം. ചൂതാട്ട നിരോധന നിയമത്തില്‍ വ്യക്തമായി ഇക്കാര്യം പറയുന്നുണ്ടെന്ന് ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്ക് വിശദീകരിക്കുന്നു. നേരത്തെയും നാട്ടില്‍ ചീട്ടുകളി കേസുകള്‍ പിടിച്ചിട്ടുണ്ടെങ്കിലും പിടിച്ചെടുത്ത പണം സര്‍ക്കാര്‍ ഖജനാവിലേക്കാണ് ലഭിച്ചത്. പകുതി പണം പോലീസിന് ലഭിക്കുമെന്ന കാര്യം പോലീസുകാര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ തന്നെ ആര്‍ക്കും പാതി പണം ലഭിച്ചില്ല. വരും ദിവസങ്ങളില്‍ ചീട്ടുകളിക്കാരെ പിടിക്കാന്‍ പോലീസ് തകൃതിയായി രംഗത്ത് എത്തുമെന്നതില്‍ സംശയമില്ല.