അവശ്യമരുന്നുകളുടെ വിലക്കയറ്റത്തെ പ്രതിരോധിക്കാൻ നടപടി; 112 ഇനം മരുന്നുകളുടെ വില കുറയും

അവശ്യമരുന്നുകളുടെ പട്ടികയിലുൾപ്പെട്ടിരുന്ന 112 ഇനം മരുന്നുകളുടെ വില കുറയും. അർബുദമരുന്നായ ട്രാസ്റ്റുസുമാബിന് 17,984 രൂപയാണ് കുറയുക. 16 ഇനങ്ങൾ നിയന്ത്രണപ്പട്ടികയിൽ പുതിയതായി ചേർത്തിട്ടുണ്ട്. ഇവയിൽ എട്ടെണ്ണത്തിന് നിലവിൽ വിപണിയിൽ കിട്ടുന്നതിനെക്കാൾ കൂടിയ വിലയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മൊത്തവ്യാപാര വിലസൂചിക പ്രകാരം കഴിഞ്ഞ തവണ പത്തു ശതമാനത്തിലധികം വിലക്കൂടുതലാണ് പട്ടികയിലുള്ള മരുന്നുകൾക്കുണ്ടായത്. ഇത് വലിയ കൊള്ളയാണെന്ന ആരോപണം ഉയർന്നെങ്കിലും നിയമപരമായി നിലനിൽക്കുന്നതാകയാലാണ് സർക്കാർ മറ്റു വഴികൾ തേടിയത്. മരുന്നിന്റെ ആവശ്യകതയും വിറ്റുവരവും മറ്റും കണക്കിലെടുത്ത് ചില മരുന്നുകളുടെ കാര്യത്തിൽ വില പുനർനിർണയിക്കാൻ തീരുമാനിച്ചതങ്ങനെയാണ്.

പാരസെറ്റാമോൾ ഉൾപ്പെടെയുള്ള 134 ഇനങ്ങൾക്ക് വില കുറച്ചു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ഇതിൽ 128 ഇനങ്ങളാണ് ചേർത്തിരിക്കുന്നതെങ്കിലും 16 എണ്ണം പുതിയതായി ഉൾപ്പെടുത്തിയതാണ്. നിലവിലുണ്ടായിരുന്ന 112 ഇനത്തിന്റെയും വിലയിൽ മോശമല്ലാത്ത കുറവ് വരുത്തിയിട്ടുണ്ട്.

അസ്ഥികളിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്കുള്ള സോൾഡ്രോണിക് ആസിഡിന്റെ വില 4664.74 രൂപയിൽനിന്ന് 2133.32 രൂപയായാണ് കുറച്ചത്. അണുബാധക്കെതിരേയുള്ള അസിത്രോമൈസിൻ, വാൻകോമൈസിൻ, അമോക്‌സിസിലിൻ- ക്ലോവുനിക് ആസിഡ് സംയുക്തം, വേദനസംഹാരിയായ ഐബുപ്രൊഫൈൻ, ചിക്കൻപോക്സിനും മറ്റുമെതിരേയുള്ള അസിക്ലോവിർ തുടങ്ങിയ മരുന്നിനങ്ങളുടെയൊക്കെ വില കുറച്ചു.