കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചയില്ല, രാജീവ് ചന്ദ്രശേഖർ സുകുമാരൻ നായരെയും വെള്ളാപ്പള്ളി നടേശനെയും സന്ദർശിച്ചു

ചങ്ങനാശ്ശേരി: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സന്ദർശിച്ചു.

ഇന്ന് രാവിലെ ചങ്ങനാശ്ശേരി എൻ.എസ്.എസ് ആസ്ഥാനത്തെത്തിയാണ് സുകുമാരൻ നായരെ സന്ദർശിച്ചത്. തുടർന്ന് കണിച്ചുകുളങ്ങരയിൽ എത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തി. ഷോൺ ജോർജും മറ്റു ബിജെപി നേതാക്കളും കൂടെയുണ്ടായിരുന്നു.

വൈകീട്ട് 3.30ഓടെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ എത്തും. വൈകീട്ട് 6.30ന് വർക്കല ശിവഗിരി മഠത്തിൽ എത്തി സമാധിയിൽ പ്രാർത്ഥിക്കും.

സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കഴിഞ്ഞ ദിവസമാണു രാജീവ് ചന്ദ്രശേഖർ തലസ്ഥാനത്ത് എത്തിയത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തി പ്രചാരണ പരിപാടികൾക്കു തുടക്കമിട്ടു. തിരുവനന്തപുരത്തെ ഐടി നഗരമാക്കുമെന്നും രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.