നിരക്കുകൾ വർധിപ്പിച്ചത് വൻ നേട്ടമായി ജിയോ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ വൻ നേട്ടം. കഴിഞ്ഞ വർഷം അവസാനത്തിൽ നിരക്കുകൾ വർധിപ്പിച്ചതാണ് നാലാം പാദത്തിൽ ജിയോയെ തുണച്ചതെന്നാണ് നിരീക്ഷണം.

മുൻവർഷം നാലാം പാദത്തിൽ രേഖപ്പെടുത്തിയ 3,360 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 24 ശതമാനം ഉയർന്ന് 4,173 കോടി രൂപയായി.

ജിയോയുടെ പ്രവർത്തന വരുമാനം 20.4 ശതമാനം വർധിച്ച് 20,901 കോടി രൂപയുമായി. മുൻ വർഷം ഇതേ കാലയളവിലെ 17,358 കോടി രൂപയായിരുന്നു  പ്രവർത്തന വരുമാനം.

നാലാം പാദത്തിൽ ഒരു വരിക്കാരനിൽ നിന്നു ലഭിക്കുന്ന പ്രതിമാസ വരുമാനം (ആർപു) 167.6 രൂപയായും ഉയർന്നു. ആർപു കഴിഞ്ഞ വർഷത്തേക്കാൾ 21.3 ശതമാനവും കഴിഞ്ഞ പാദത്തേക്കാൾ 10.5 ശതമാനം വളർച്ചയും രേഖപ്പെടുത്തി.