ഭൂമി കറങ്ങുന്നതിന്റെ വേഗത കൂടി; ദിവസത്തില്‍ 24 മണിക്കൂര്‍ ഇല്ലെന്ന് ഗവേഷകര്‍

ഭൂമി കറങ്ങുന്നതിന്റെ വേഗത കൂടിയതിനാല്‍ ഇപ്പോള്‍ ദിവസത്തില്‍ 24 മണിക്കൂര്‍ ഇല്ലെന്ന് ഗവേഷകര്‍. ഭൂമി ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ അമ്പത് വര്‍ഷത്തെക്കാളും വേഗത്തിലാണെന്നാണ് കണ്ടെത്തല്‍. ഭൂമി കറങ്ങുന്നതിന്റെ വേഗത ഇനിയും കൂടിയേക്കാമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ആഗോള താപനമാണ് ഈ അവസ്ഥയ്ക്ക് കാരണം.

86,400 സെക്കന്‍ഡിലാണ് ഭൂമി ഒരു തവണ കറക്കം പൂര്‍ത്തിയാക്കുന്നത്. അതായത് 24 മണിക്കൂര്‍ സമയം. എന്നാല്‍ ഇപ്പോള്‍ ഈ സമയം വേണ്ടെന്നാണ് കണ്ടെത്തല്‍. 2020 മുതല്‍ തന്നെ ഒരു ദിവസം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂര്‍ വേണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ല്‍ മാത്രം ദൈര്‍ഘ്യം കുറഞ്ഞ 28 ദിവസമുണ്ടായിരുന്നു.

നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്‌സ് പ്രകാരം ഒരു ദിവസത്തിനായി 1.4602 മില്ലി സെക്കന്‍ഡ്‌സ് ആണ് കുറയുന്നത്. 1960ന് ശേഷം കുറഞ്ഞ സമയം റിപ്പോര്‍ട്ട് ചെയ്ത വര്‍ഷം 2020ആണ്. 2021ല്‍ ഇതിലും കുറയാന്‍ സാദ്ധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 2021ല്‍ 86,400ല്‍ 0.05 മില്ലി സെക്കന്‍ഡുകളുടെ കുറവ് വന്നേക്കാമെന്നാണ് കണക്കുകൂട്ടല്‍.