ദൈവത്തിലൂം നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ട്, സത്യം ജയിക്കും- റിയ ചക്രബർത്തി

സുശാന്തിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന നടിയും കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തി ലൈവ് വീഡിയോയിലെത്തി. റിയയ്‌ക്കെതിരെ സുശാന്തിന്റെ അച്ഛന്റെ പരാതി കൊടുത്തതും പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തതും ബോളിവുഡ് ലോകത്തെ പിടികുലുക്കിയിട്ടുണ്ട്. റിയയ്‌ക്കെതിരെ നടി അങ്കിതയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കരഞ്ഞുകൊണ്ട് റിയ വീഡിയോയിലെത്തിയത്.

സത്യം വിജയിക്കുമെന്ന് റിയ വീഡിയോയിലൂടെ പറയുന്നു. എനിക്ക് ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും അതിയായ വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും റിയ പറയുന്നു. സമൂഹമാധ്യമങ്ങള്‍ എന്നെക്കുറിച്ച്‌ ഭയാനകമായ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. എങ്കിലും എന്റെ അഭിഭാഷകന്റെ ഉപദേശം അനുസരിച്ച്‌ അഭിപ്രായം പറയുന്നതില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കുന്നുവെന്നും റിയ പറഞ്ഞു.

വ്യാജ കുറ്റം ചുമത്തിയാണ് തനിക്കെതിരെ സുശാന്ത് സിംഗിന്റെ പിതാവ് ബിഹാറില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും റിയ സുപ്രീം കോടതിയില്‍ പറഞ്ഞു. സുശാന്ത് സിംഗിനെ റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ള ആറ് പേര്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് പിതാവ് കെകെ സിംഗ് ബിഹാര്‍ പൊലീസിനെ സമീപിച്ചിട്ടുള്ളത്. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മുംബൈയിലെത്തി കേസ് അന്വേഷണം ആരംഭിച്ചിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ബുധനാഴ്ചയാണ് റിയ സുപ്രീംകോടതിയെ സമീപിച്ചത്. സുശാന്തിന്റെ മരണത്തോടെ താന്‍ കടുത്ത മാനസിക ആഘാതത്തിലാണെന്നും നടന്റെ മരണത്തിന് ശേഷം തനിക്ക് നിരവധി വധഭീഷണികളും ബലാത്സംഗ ഭീഷണികളും ഉയരുന്നുണ്ടെന്നും നിരന്തരം മാധ്യങ്ങളില്‍ ചര്‍ച്ചയാവുന്നതോടെ ഇത് വര്‍ധിച്ചിട്ടുണ്ടെന്നും റിയ വ്യക്തമാക്കി. കേസിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം വെച്ച്‌ വ്യാജമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.