സ്ത്രീയെന്ന നിലയില്‍ ഒരു തിയേറ്റര്‍ നടത്തിക്കൊണ്ടുപോകുന്നത് എളുപ്പമല്ല – ഗിരിജ തിയേറ്ററിന്റെ ഉടമ ഡോ.ഗിരിജ

ഒരു സ്ത്രീയെന്ന നിലയില്‍ ഒരു തിയേറ്റര്‍ നടത്തിക്കൊണ്ടുപോകുന്നത് എളുപ്പമല്ലെന്നും ഒരുപാട് ആക്രമണങ്ങള്‍ നേരിടുകയാണെന്നും തൃശ്ശൂര്‍ ഗിരിജ തിയേറ്ററിന്റെ ഉടമ ഡോ.ഗിരിജ. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനായി അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിക്ക് പിറകെ തൃശ്ശൂര്‍ ഗിരിജ തിയേറ്ററിന്റെ ഉടമ ഡോ.ഗിരിജ വാട്ടസ് ആപ്പ് ബുക്കിങ് ആരംഭിച്ചത്‌ ഏറെ ചര്‍ച്ചയായിരുന്നു.

പല ഭാഗത്ത് നിന്നും എതിര്‍പ്പുകളും വിലക്കുകളും നേരിടുന്നുവെങ്കിലും എന്തു തന്നെ സംഭവിച്ചാലും വാട്ട്‌സ് ആപ്പ് ബുക്കിങ്ങുമായി തന്നെ മുന്നോട്ട് പോകുമെന്നാണ് ഗിരിജ പറയുന്നത്. ഗിരിജ തിയേറ്റര്‍ താന്‍ ഏറ്റെടുത്ത് നടത്തുന്ന കാലം മുതല്‍ ഒരുപാട് ആക്രമണങ്ങള്‍ നേരിടുകയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ തിയേറ്റര്‍ നടത്തിക്കൊണ്ടുപോകുന്നത് എളുപ്പമുല്ല കാര്യമല്ല – ഡോ.ഗിരിജ പറഞ്ഞു.

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്നതിനിടെ, അന്യഭാഷാ സിനിമകള്‍ വന്നതോടെയാണ് തിയേറ്റര്‍ ഒന്നുണര്‍ന്നത്. ഏതാനും മലയാള സിനിമകളും മികച്ച പ്രകടനം കാഴ്ചവെക്കുകയുണ്ടായി. എന്നാല്‍ കോവിഡ്‌ കുറഞ്ഞതിന് ശേഷവും സിനിമാ തിയേറ്ററിലേക്ക് വരുന്ന ഒരു മാനസിക സ്ഥിതിയിലേക്ക് പലരും ഇനിയും എത്തിയിട്ടില്ല. അതിനിടെയാണ് ടിക്കറ്റിന് പുറമേയുള്ള ഈ ബുക്കിങ് ചാര്‍ജ്ജും.

ഗൂഗിളില്‍ ബിസിനസ് അക്കൗണ്ട് തുടങ്ങിയതിന് ശേഷം ഒട്ടേറെയാളുകള്‍ നേരിട്ട് അന്വേഷിച്ചു. ടിക്കറ്റ് ചാര്‍ജിന് പുറമേയുള്ള ബുക്കിങ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്നാണ് മിക്കവരും ചോദിച്ച തിന്നു ഡോ ഗിരിജ പറയുന്നു. അങ്ങനെയാണ് വാട്ട്സ് ആപ്പ് വഴി ബുക്കിങ് ആരംഭിക്കുന്നത്.
തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരല്ല, കൂടുതലും സാധാരണക്കാരാണ്. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരും. അതിനൊരു മാറ്റം വരുത്താനാണ് വാട്ട്സ്ആപ്പ് ബുക്കിങ് തുടങ്ങിയത് – ഡോ.ഗിരിജ പറയുന്നു.

വാട്ടസ്ആപ്പ് ബുക്കിങ് ആരംഭിച്ചതിൽ പിന്നെ ഒട്ടേറെയാളുകൾ സന്ദേശങ്ങള്‍ അയച്ചു. അഭിനന്ദനം അറിയിച്ചുകൊണ്ടായിരുന്നു പലതും. ഒരേയൊരു ബുക്കിങ് ആപ്പുമായി മാത്രമായിരുന്നു എനിക്ക് കരാര്‍. എന്നാല്‍ അത് മൂന്ന് കൊല്ലം മുന്‍പ് കാലാവധി കഴിഞ്ഞുവെങ്കിലും അവര്‍ നന്നായി സഹകരിക്കുന്നുണ്ട്. ഞാനുമായി കരാറില്‍ ഇല്ലാത്ത കമ്പനിയാണ് ഇപ്പോള്‍ എന്നെ വിലക്കിയിരിക്കുന്നത്. അത് ഞാൻ കാര്യമായി എടുക്കുന്നില്ല. കേരളത്തില്‍ ഞാന്‍ അല്ല ആദ്യമായി വാട്ട്‌സ് ആപ്പ് ബുക്കിങ് ആരംഭിച്ച തിയേറ്ററുടമ. പക്ഷേ ഞാന്‍ മാത്രം അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അത് എന്താണെന്ന് അറിയേണ്ട ധാര്‍മിക ഉത്തരവാദിത്തം എനിക്കുണ്ട്? ഡോ.ഗിരിജ പറഞ്ഞു.

തിയേറ്ററിന്റെ നടത്തിപ്പ് ഏറ്റെടുത്ത കാലം മുതല്‍ ഗിരിജ ഒരു സ്ത്രീയെന്ന നിലയിലുള്ള വിവേചനങ്ങള്‍ ഒരുപാട് നേരിടുകയാണ്. ഒളിഞ്ഞും തെളിഞ്ഞും വിവിധ കോണുകളില്‍ നിന്ന് ആക്രമണമാണ് ഉണ്ടാവുന്നത്. ഒരു പെണ്ണിന്റെ തിയേറ്ററല്ലേ, അവര്‍ക്ക് ഈ സിനിമ കൊടുത്താല്‍ മതി, തുടങ്ങിയ കമന്റുകള്‍ പോലും കേട്ടിട്ടുണ്ട്. എന്നാല്‍ അതിനെതിരേ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയാണ് ഗിരിജ മുന്നോട്ടു പോകുന്നത്.

പല സംഘടനകളിലും അവർ പരാതി പറഞ്ഞു. പക്ഷേ അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട സംഭവങ്ങള്‍ വിരളമാണ്. ‘തിയേറ്റര്‍ മേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ ഒരു ചെറിയ മാതൃകയായി ഗിരിജ തിയേറ്റര്‍ നിലനില്‍ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’ എന്നാണ്- ഡോ.ഗിരിജ പറയുന്നത്. സ്വന്തമായി ഓണ്‍ലൈന്‍ ആപ്പ് തുടങ്ങാനുള്ള എല്ലാ നടപടികള്‍ ആരംഭിച്ചുവെന്നും അതിലൂടെ വളരെ കുറഞ്ഞ ചാര്‍ജില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും ആണ് ഡോ.ഗിരിജ പറഞ്ഞത്.