ശ്വാസംമുട്ടല്‍ അടക്കമുള്ള രോ​ഗങ്ങള്‍ ബുദ്ധിമുട്ടിച്ചു, 20 വര്‍ഷമായി യോ​ഗ ചെയ്യുന്നു; സംയുക്ത വര്‍മ

ഇന്ന് ജൂണ്‍ 21 അന്താരാഷ്ട്ര യോ​ഗ ദിനമായി ആചരിക്കുകയാണ്. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച്‌ അവബോധം വളര്‍ത്തുന്നതിനായി 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21ന് രാജ്യങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ മുഴുവന്‍ യോ​ഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് നിറയുന്നത്.മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. ശരീരം, മനസ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയില്‍ കൊണ്ടുവരുന്നതിനാണ് യോ​ഗ ദിനം ആചരിക്കുന്നത്.

ഇരുപത് വര്‍ഷത്തോളമായി യോ​ഗ അഭ്യസിക്കുന്ന താരമാണ് നടി സംയുക്ത വര്‍മ. സംയുക്ത വര്‍മ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ നിരവധി സെലിബ്രിറ്റികളുടെ ദിനചര്യയുടെ ഭാ​ഗമായി യോ​ഗ തീര്‍ന്നിരിക്കുന്നു.ഒരു പ്രത്യേക ഭക്ഷണക്രമം നിലനിര്‍ത്തുക, ഒരു പ്രത്യേക ശാരീരിക നില നിലനിര്‍ത്തുക, ശ്വസനരീതികള്‍ പരിശീലിക്കുക എന്നിവ ഉള്‍പ്പെടുന്ന ഈ വ്യായാമരീതി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇന്ത്യയില്‍ നിന്നാണ് ഉത്ഭവിച്ചത്. ശരീരത്തിന്റെയും മനസിന്റേയും ശരിയായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരാളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തിന് യോഗ അവിശ്വസനീയമാം വിധം പ്രയോജനകരമാണ്.

അനായാസമായി യോ​ഗ ചെയ്യുന്ന സംയുക്തയുടെ വീഡിയോകള്‍ മുമ്ബും വൈറലായിട്ടുണ്ട്. അന്താരാഷ്ട്ര യോ​ഗ ദിനത്തില്‍ താന്‍ യോ​ഗയിലേക്ക് തിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത വര്‍മ. ‘മനുഷ്യര്‍ക്ക് ചില ശീലക്കേടുകളുണ്ട്. എന്റേത് ഏറെയും രോഗങ്ങളായിരുന്നു. അതൊന്ന് മാറ്റിയെടുക്കാനാണ് ഞാന്‍ ആദ്യം യോഗയിലേക്ക് എത്തിയത്. പഠിച്ചും പരിശീലിച്ചും ഞാന്‍ എന്നെ യോഗയില്‍ ഉറപ്പിച്ചു.’ ‘രണ്ട് പതിറ്റാണ്ടോളമായുള്ള ആ ഉറപ്പാണ് എനിക്കിപ്പോള്‍ യോഗ. യോഗ ഒരു യോജിപ്പാണ്. കൂടിച്ചേരല്‍ അഥവാ യൂണിയന്‍ എന്നുതന്നെയാണ് ആ വാക്കിന്റെ അര്‍ഥവും. ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കല്‍.’

‘ചിലര്‍ യോഗയെ വ്യായാമം മാത്രമായി കാണുന്നു. അതില്‍ തെറ്റില്ല. ശ്വാസംമുട്ടല്‍, പോളിസിസ്റ്റിക് ഓവറി, ഹോര്‍മോണ്‍ ഇംബാലന്‍സ് ഇതൊക്കെയുണ്ടായിരുന്നു എനിക്ക്. അതില്‍ നിന്നൊക്ക ഒരു മാറ്റത്തിനാണ് ഞാന്‍ യോഗ തുടങ്ങിയത്.”നമ്മള്‍ മാനസീകമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണം. യോഗയെ ഒരു മതത്തിന്റേതായി കാണുന്നവരുണ്ട്. അത് സങ്കടകരമാണ്. യോഗ ഒരു ശാസ്ത്രമാണ്.”നൂറ്റാണ്ടുകള്‍ക്കുമുമ്ബുള്ള ഒരു ശാസ്ത്രം. മനുഷ്യന് സുഖമായി ജീവിക്കാന്‍, ശാരീരികവും മാനസികവും വൈകാരികവും ചിന്താപരവുമായി സുഖമായി ജീവിക്കാന്‍ കണ്ടുപിടിച്ച ശാസ്ത്രമാണത്. അതിനെന്ത് മതം.’

‘രോഗങ്ങള്‍ പതുക്കെപ്പതുെക്ക ഇല്ലാതായി. യോഗ മാത്രം ശേഷിച്ചു. അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി. യോഗക്രിയകള്‍പോലെ യോഗ തത്ത്വചിന്തയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികള്‍ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മള്‍ അറിയുന്നത്.’ ‘എന്നാലും ഞാന്‍ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത. മനുഷ്യന്മാരായാല്‍ ബന്ധങ്ങള്‍ ഉണ്ടാകും. അറ്റാച്ച്‌മെന്റില്‍ തന്നെ ഇത്തിരി ഡിറ്റാച്ച്‌മെന്റ് സൂക്ഷിക്കാനാവും. ഇവ രണ്ടിന്റേയും അങ്ങേ അറ്റങ്ങളിലേക്കുപോയി നമ്മുടെ മാനസികാവസ്ഥയ്ക്ക് വ്യത്യാസമില്ലാതെ ബാലന്‍സിലേക്ക് തിരിച്ചുവരുന്നത് ബുദ്ധിമുട്ടാണ്.’ ‘ആ ക്രമീകരണം എനിക്ക് കിട്ടിയത് യോഗയിലൂടെയാണ്. അതുെകാണ്ടാണ് എല്ലാ ദിവസവും യോഗമാറ്റിലേക്ക് വരാന്‍ തോന്നുന്നത്.’

യോഗ ചെയ്യാന്‍ തുടങ്ങിയ ശേഷം എനിക്ക് കാര്യമായൊരു മാറ്റം വന്നു. ഞാന്‍ നോ പറയാന്‍ പഠിച്ചു. നോ പറയാന്‍ അറിയാത്ത ഒരാളായിരുന്നു ഞാന്‍. പറഞ്ഞ് ചെയ്യേണ്ടിടത്ത് പറഞ്ഞ് ചെയ്യിക്കാനും മേല്‍ക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനും അതേസമയം നമസ്കരിക്കേണ്ടിടത്ത് നമസ്കരിക്കാനും ഒരേ മാനസികാവസ്ഥയില്‍ പറ്റുന്നുണ്ട് ഇപ്പോള്‍.’ ‘പണ്ട് അത് വലിയ ബുദ്ധിമുട്ടായിരുന്നു. അതും യോഗയിലൂടെ കഴിയുന്നു. അതുകൊണ്ടൊക്കെത്തന്നെയാണല്ലോ ലോകം മുഴുവന്‍ ആ ബാലന്‍സിന്റെ മധുരംതേടി വീണ്ടും വീണ്ടും യോഗാമാറ്റിലേക്ക് വരുന്നത്’ സംയുക്ത വര്‍മ പറയുന്നു.