ഈ സര്‍ക്കാരിന് തുടര്‍ഭരണം നല്‍കുന്നത് കടുത്ത ആപത്തായിരിക്കുമെന്ന് സനല്‍കുമാര്‍ ശശിധരന്‍

പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നതിന് എതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുന്നത് കടുത്ത ആപത്ത് വിളിച്ചുവരുത്തലാകുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. മനുഷ്യാവകാശത്തെ സംബന്ധിച്ച ഒരു പരാതിയും പരിഗണിക്കാത്ത നുണയന്‍ സര്‍ക്കാരാണ് ഇതെന്നും സനല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ്, പിണറായി സര്‍ക്കാര്‍ ചെയ്ത കൊള്ളരുതായ്മകളെ കുറിച്ച് ഒരു ഇടതുപക്ഷ സുഹൃത്തിനോട് സംസാരിച്ചാല്‍ അയാള്‍ പറയും. ഒക്കെ ശരിയാണ് അവയെ ഒക്കെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതെ അവരുടെ ചടങ്ങ് വിമര്‍ശനങ്ങള്‍ അടവ് നയമാണ്. വിമര്‍ശനങ്ങള്‍ കടുത്തതാണെങ്കില്‍ പിണറായി സര്‍ക്കാരും ഒരു അടവ് നയവുമായി വരും. ജനങ്ങളോട് പത്രസമ്മേളനം നടത്തി കള്ളം പറയാന്‍ മടിയില്ലാത്ത മുഖ്യമന്ത്രി ജനവികാരം ഒന്ന് തണുപ്പിക്കാന്‍ എന്തെങ്കിലും ഒരു വാഗ്ദാനം നടത്തും. സമരക്കാര്‍ പിരിഞ്ഞുപോകും. വാഗ്ദാനത്തിനപ്പുറത്തേക്ക് ഒന്നും നടക്കില്ല. ഒരിക്കല്‍ പിരിഞ്ഞുപോയ സമരം പിന്നെ ട്രാക്കിലാവാതിരിക്കാന്‍ വലുതും ചെറുതുമായ നിരവധി നുണകള്‍ പ്രചരിപ്പിക്കപ്പെടും.

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരം ഒതുക്കിയത് സമരക്കാര്‍ എവിടുന്നോ ഫണ്ട് പറ്റിക്കൊണ്ടാണ് സമരം ചെയ്യുന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്ന ശ്രീജിത്തിന്റെ കാര്യം നോക്കുക. സമരം ശക്തമായപ്പോള്‍ വാഗ്ദാനം വന്നു. സമരക്കാര്‍ പിരിഞ്ഞുപോയപ്പോള്‍ വാഗ്ദാനം പാലിച്ചില്ല. സമരക്കാര്‍ തിരികെ വരാതിരിക്കാന്‍ ശ്രീജിത്ത് കള്ളനാണെന്ന് നുണപ്രചരിപ്പിച്ചു. വാളയാര്‍ കേസ് നോക്കുക. കോടതി വിധി വന്നപ്പോള്‍ ഉണ്ടായ ജനവികാരത്തെ തണുപ്പിക്കാന്‍ വാഗ്ദാനം നടത്തി. സമരക്കാര്‍ സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ട് പിരിഞ്ഞുപോയി. ഉടന്‍ അടവ് മാറ്റി. പിന്നെ ആ അമ്മക്കെതിരെ നുണപ്രചാരണങ്ങളുടെ ഘോഷയാത്രയാണ്.

സമരക്കാര്‍ ഒരിക്കലും തിരിച്ചു വന്നില്ല. ഈ സമരക്കാര്‍ ആരാണെന്നറിയാമോ. അവരാണ് ഇവിടെ സര്‍ക്കാര്‍ തെറ്റുചെയ്താല്‍ തിരുത്തുമെന്ന് വീമ്പടിക്കുന്ന ഇടതുപക്ഷം. അവരെ നുണകൊണ്ട് മാനിപുലേറ്റ് ചെയ്യാന്‍ എളുപ്പമാണ്. അടിമുടി നുണയില്‍ കെട്ടിപ്പൊക്കിയ ഒരു ഗീബല്‍സിയന്‍ ഭരണകൂടമാണ് നാം കണ്ടത്. മനുഷ്യാവകാശത്തെ സംബന്ധിച്ച ഒരു പരാതിയെയും പരിഗണിക്കാത്ത പരിഹരിക്കാന്‍ ശ്രമിക്കാത്ത ഒരു നുണയന്‍ സര്‍ക്കാര്‍. അതിന് തെറ്റുപറ്റിയാല്‍ തിരുത്താന്‍ ഞങ്ങള്‍ ഉണ്ടെന്ന് പാടി നടക്കുന്ന ഇടതുപക്ഷ സുഹൃത്തുക്കളെ വിശ്വസിക്കാന്‍ കഴിയാതായിട്ടുണ്ട്. നുണയില്‍ വീഴുന്ന പാര്‍ട്ടി വിശ്വാസികള്‍ മാത്രമാണവര്‍. അവരുടെ ഉറപ്പില്‍ ഈ സര്‍ക്കാരിന് തുടര്‍ഭരണം നല്‍കുന്നത് കടുത്ത ആപത്തായിരിക്കും. മറന്നുപോകരുത്.