വിഡിയോ ചെയ്തു തുടങ്ങുമ്പോള്‍ ലക്ഷ്മി 4 മാസം ഗര്‍ഭിണിയായിരുന്നു, സഞ്ജു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയമായ ഇരുവരും മിനിസ്‌ക്രീന്‍ പരിപാടികളിലും പങ്കെടുത്തു. യുട്യൂബിലും തിളങ്ങുകയാണ് ഇവര്‍. നിരവധി കാഴ്ചക്കാരാണ് ഇവരുടെ വീഡിയോയ്ക്ക് ഉള്ളത്. ടിക്ടോക്കിലൂടെ ആരംഭിച്ച് ഫേസ്ബുക്കിലും യുട്യൂബിലും ഇപ്പോള്‍ തിളങ്ങുകയാണ് സഞ്ജുവും ലക്ഷ്മിയും. സഞ്ജുവിന്റെ സഹോദരി ഡോ.എം.മഞ്ജുവും അമ്മ പത്മിനിയുമെല്ലാം വിഡിയോകളിലൂടെ താരങ്ങള്‍ ആയവര്‍ ആണ്. യുട്യൂബില്‍ 5 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഫെയ്‌സ്ബുക്കില്‍ 8 ലക്ഷത്തിലധികം ഫോളോവേഴ്‌സുമാണ് ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും സ്വന്തമാക്കിയത്.

ബിടെക് പൂര്‍ത്തിയാക്കിയയാളാണ് സഞ്ജു. ഭാര്യ ലക്ഷ്മി എംഎ ഇംഗ്ലീഷ് പൂര്‍ത്തിയാക്കി. നെറ്റ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോള്‍ കൊല്ലം ഭാഷയിലെ ഡയലോഗ് തയ്യാറാക്കാനായി സിനിമ അണിയറ പ്രവര്‍ത്തകര്‍ സഞ്ജുവിനെയും ലക്ഷ്മിയെയും ചേടി എത്താറുണ്ട്. ഇപ്പോള്‍ സഞ്ജു ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ, കുട്ടിക്കാലം മുതലേയുള്ള തന്റെ സ്വപ്നമാണ് സിനിമ. അവസരം തേടി കുറേ നടന്നു. അഭിനയമാണ് താല്‍പര്യമെങ്കിലും അതിനൊപ്പം ചെറിയ തോതില്‍ തിരക്കഥയെഴുത്തുമുണ്ടായിരുന്നു എന്നും അഭിമുഖത്തില്‍ സഞ്ജു പറയുന്നു. തന്റെ അഭിനയ മോഹങ്ങള്‍ക്ക് ഒപ്പം ലക്ഷ്മി പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയായിരുന്നു.

ആദ്യ ലോക്ക് ഡൗണ്‍ കാലത്താണ് തങ്ങള്‍ ടിക്ക് ടോക്ക് ചെയ്യാന്‍ തുടങ്ങിയത്. ആദ്യമാദ്യം ലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു എങ്കിലും തന്റെ ആഗ്രഹത്തിന് അവളും ഒപ്പം നില്‍ക്കുകയായിരുന്നു. വിഡിയോസ് ചെയ്തു തുടങ്ങുമ്പോള്‍ ലക്ഷ്മി 4 മാസം ഗര്‍ഭിണിയായിരുന്നു. ആദ്യമൊക്കെ ലക്ഷ്മിയുടെ പെര്‍ഫോമന്‍സ് കണ്ട് ശരിക്കും ഞെട്ടി. കക്ഷി ഇത്ര പ്രതിഭയാണെന്ന് അറിഞ്ഞില്ല. മാത്രമല്ല ആദ്യ കാലത്തൊക്കെ വിഡിയോയ്ക്ക് കണ്ടന്റുകള്‍ തയാറാക്കിയിരുന്നത് താന്‍ ആണെങ്കില്‍ ഇപ്പോള്‍ വരുന്നവയില്‍ 70 ശതമാനവും ലക്ഷ്മിയുടെ ആശയങ്ങളാണ്. റിഹേഴ്‌സലില്ലാതെയാണ് ഷൂട്ട്.

ലക്ഷ്മി കാരണമാണ് കൂടുതലും റീച്ച് കിട്ടിത്തുടങ്ങിയത്. ആദ്യമൊക്കെ കമന്റുകളില്‍ നിറയെ ‘എന്തുവാ ഇത്’ എന്ന ഡയലോഗായിരുന്നു. ആദ്യം കരുതിയത് ആര്‍ക്കും വീഡിയോ ഇഷ്ടമാകാതെ ‘എന്തുവാ ഇത്’ എന്ന് ചോദിക്കുന്നതാണെന്നാണ് എന്നാല്‍ പിന്നെയാണ് ആളുകള്‍ ഈ ഡയലോഗ് ഇഷ്ടപ്പെട്ട് കമന്റിടുകയാണെന്ന് മനസ്സിലായത്.