പത്താം ക്ലാസുകാരിയെ കാണാതായിട്ട് ഒരാഴ്ച, അന്വേഷണം എങ്ങുമെത്തിയില്ല

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിനിയെ കാണാതായിട്ട് ദിവസങ്ങൾ ആയിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് പരാതി. പുത്തൂർ സ്വദേശിനി വിസ്മയയെ(17)യാണ് കാണാതായത്. ഏഴ് ദിവസം മുൻപാണ് കുട്ടിയെ കാണാതായത്. സ്‌കൂളിലേയ്‌ക്ക് പോയ വിദ്യാർത്ഥിനി തിരികെ വീട്ടിലെത്തിയില്ല.

പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഒല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും ഏഴ് ദിവസം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. മരോട്ടിച്ചാൽ എന്ന സ്ഥലത്താണ് കുട്ടിയെ അവസാനമായി കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

അന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. കൂടുതൽ വിവിരങ്ങൾ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടി എവിടെ എന്ന് അറിയാതെ ആശങ്കയിലാണ് വീട്ടുകാരും.