ജറുസലേമിൽ ഫ്‌ളാഗ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഇരുപതോളം പലസ്തീനികൾക്ക് പരിക്ക്

ജറുസലേമിൽ ഫ്‌ളാഗ് മാർച്ചിനിടെ സംഘർഷം. ഇസ്രായേൽ പോലീസും പലസ്തീനികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഇരുപതോളം പലസ്തീനികൾക്ക് പരിക്കേറ്റു. ആറ് പലസ്തീനികളെ അറസ്റ്റ് ചെയ്തു. ഫ്‌ളാഗ് മാർച്ചിന് മുന്നോടിയായി സംഘടിച്ചു നിന്ന പലസ്തീനികളെ നീക്കം ചെയ്യാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് എത്തിയത്. ഇസ്രായേൽ ഹമാസ് സംഘർഷത്തിന് പിന്നാലെ നടത്തിയ ഫ്‌ളാഗ് മാർച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഇസ്രായേൽ സ്വീകരിച്ചത്. ജറുസലേം നഗരത്തിൽ തങ്ങളുടെ സ്വാതന്ത്ര്യം പിടിച്ചെടുക്കാനുളള ശ്രമമാണെന്ന് ആരോപിച്ചാണ് പലസ്തീനികൾ രംഗത്ത് വന്നത്.

ഇതിനിടെ ഹമാസ് റോക്കറ്റ് ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് വ്യാേമ പ്രതിരോധ സംവിധാനമായ അയൺ ഡോം ഉൾപ്പെടെ അതിർത്തിയിൽ വിന്യസിച്ചിരുന്നു. പരിപാടിയ്ക്ക് പുതുതായി അധികാരത്തിലേറിയ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി ഹമാസ് നേതാവ് രംഗത്ത് വന്നിരുന്നു. വീണ്ടും ഒരു യുദ്ധത്തിന് സാദ്ധ്യതയുണ്ടെന്നായിരുന്നു ഹമാസ് നേതാവ് മൗസ അബു മാർസൗക്ക് മുന്നറിയിപ്പ് നൽകിയത്. ഇതു കൂടി കണക്കിലെടുത്തായിരുന്നു വിന്യാസം.