ആകാശ മധ്യത്തില്‍ എഫ്രേമിന് പിറന്നാള്‍ ആഘോഷം, മണ്ണില്‍ തൊട്ടപ്പോള്‍ പിറന്നാള്‍ സമ്മാനമായി അമ്മ

പാലക്കാട്: ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തങ്ങളുടെ മാതാപിതാക്കളുടെ അരികിലേക്ക് ജൊഹാനയും എഫ്രേമും പറന്നത്. എഫ്രേമിന്റെ അഞ്ചാം പിറന്നാളും കൂടിയായിരുന്നു. ഓസ്‌ട്രേലിയയ്ക്കുള്ള യാത്രയ്ക്കിടെ ആകാശത്ത് വെച്ചാണ് ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ലിന്റ, എഫ്രേമിന്റെ പിറന്നാള്‍ വിവരം എയര്‍ ഹോസ്റ്റസിനെ അറിയിച്ചത്. ഇതോടെ വിമാനം വലിയൊരും ആഘോഷ വീടായി മാറി. അവന് എല്ലാവരും മധുരം നല്‍കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. വിമാനം പറന്ന് സിഡ്‌നിയില്‍ ഇറങ്ങിയപ്പോള്‍ അവന് മുന്നില്‍ പിറന്നാള്‍ സമ്മാനമായി അച്ഛനും അമ്മയും.

കോവിഡും ലോക്ക്ഡൗണും മൂലം കേരളത്തിലെ തറവാട്ടില്‍ കഴിഞ്ഞിരുന്ന രണ്ട് കുട്ടികളാണ് ഒന്നര വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ മാതാപിതാക്കളുടെ അടുത്ത് എത്തിയത്. മെല്‍ബണില്‍ താമസിക്കുന്ന കോട്ടയം പാലാ പൈങ്കുളം ടോം ജോസ് – ജോയ്‌സി ദമ്പതികളുടെ മകന്‍ എഫ്രേം, സിഡ്‌നിയിലുള്ള പാലക്കാട് കാവില്‍പാട് ദിലിന്‍ – ദൃശ്യ ദമ്പതികളുടെ മകള്‍ ജൊഹാന എന്നിവരാണു തിരികെപ്പോയത്.

2020 ജനുവരിയിലാണ് ദിലിനും ദൃശ്യയും അഞ്ച് വയസുകാരിയായ മകള്‍ ജൊഹാനയ്ക്ക് ഒപ്പം ഒലവക്കോട്ടെ വീട്ടില്‍ എത്തിയത്. എന്നാല്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കുട്ടിയെ നിര്‍ത്തി ഇവര്‍ മടങ്ങുകയായിരുന്നു. ഒരു മാസം കഴിയുമ്പോള്‍ ജോഹാനയെയും തിരികെ കൊണ്ടുപോകാം എന്നായിരുന്നു കരുതിയത്. എന്നാല്‍ അപ്പോഴേയ്ക്കും ലോക്ഡൗണ്‍ നിലവില്‍ വന്നു.

തുടര്‍ന്ന് ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഓസ്‌ട്രേലിയയ്ക്കു പോകുന്നവരുണ്ടെങ്കില്‍ ഇവിടെ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ കൊണ്ടുപോകാന്‍ തയാറുണ്ടോ എന്ന അന്വേഷണം തുടങ്ങി. അവധി കഴിഞ്ഞു സിഡ്‌നിയിലേക്കു മടങ്ങുന്ന നഴ്‌സ് ഏറ്റുമാനൂര്‍ സ്വദേശി ലിന്റ തയാറായതോടെയാണു രണ്ടു കുട്ടികള്‍ക്കും യാത്രാവഴി തെളിഞ്ഞത്. 14 കുട്ടികളെ ഇതിനോടകം ഓസ്‌ട്രേലിയയിലെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു.