മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്യും, ഉടന്‍ നോട്ടീസ് നല്‍കാന്‍ തീരുമാനം

കൊച്ചി. മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഉടമയുമായ വീണ വിജയനെ ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐഒ നോട്ടീസ് നല്‍കും. എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ ബെംഗളൂരുവിലെ വിലാസത്തിലാണ് നോട്ടീസ് നല്‍കുക. അതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലോ ഭര്‍ത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിയിലോ എത്തി ചോദ്യം ചെയ്‌തേക്കില്ല.

അതേസമയം കെഎസ്‌ഐഡിസി ഓഫിസില്‍ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഡപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തില്‍ നാല് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. മൂന്നര മണിക്കൂറാണ് പരിശോധന നീണ്ട് നിന്നത്. കെഎസ്‌ഐഡിസി അക്കൗണ്ട് സോഫ്‌റ്റ്വെയര് എന്നിവ എസ്എഫ്‌ഐഒ പരിശോധിച്ചു.

അന്വേഷണം ചോദ്യം ചെയ്ത് കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതിന് ഒരു മണിക്കൂര്‍ മുമ്പായിരുന്നു പരിശോധന. സ്‌റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്ന് കോടതി ചോദിച്ചു.