ഒപ്പം ചേര്‍ത്തു പിടിക്കാന്‍ കുഞ്ഞിപ്പെങ്ങളില്ലാതെ ഷുഹൈബ്, ക്ലാസിലെത്തിയത് നിറകണ്ണുകളോടെ…

ബത്തേരി: എപ്പോഴും പുഞ്ചിരിയുമായി ഒപ്പം നടന്നിരുന്ന അവള്‍ ഇന്നില്ല. ഇന്നലെ ഷുഹൈബ് സ്‌കൂളില്‍ എത്തിയത് കുഞ്ഞനുജത്തിയുടെ ആ കുഞ്ഞിക്കൈകള്‍ ചേര്‍ത്ത് പിടിക്കാതെ. ഷഹലയുടെ വേര്‍പാടിന്റെ നൊമ്പരം കടിച്ചമര്‍ത്തിയാണ് ഷുഹൈബ് സ്‌കൂളിലെത്തിയത്. ഷഹല ഷെറിന്റെ പിതൃ സഹോദരിയുടെ മകനാണ് ഷുഹൈബ്. സര്‍വജന സ്‌കൂളിലെ തന്നെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണവന്‍.

ഷഹലയ്ക്കൊപ്പമായിരുന്നു ഷുഹൈബ് എന്നും സ്‌കൂളിലേക്കുള്ള വരവും പോക്കും. അടച്ചിട്ടിരുന്ന ബത്തേരി ഗവ. സര്‍വജന സ്‌കൂള്‍ സ്‌കൂള്‍ ഒരാഴ്ചയ്ക്കു ശേഷം ഇന്നലെ തുറന്നപ്പോള്‍ നിറകണ്ണുകളോടെയാണ് ഷുഹൈബ് സ്‌കൂളിലെത്തിയത്. പുത്തന്‍കുന്നില്‍ ഷഹലയുടെ വീടിനു സമീപത്താണ് ഷുഹൈബ് താമസിക്കുന്നത്. ഷഹലയും ഷുഹൈബും ഷുഹൈബിന്റെ സഹോദരി നെസ്ല ഫാത്തിമയും ഒരുമിച്ചാണ് എന്നും സ്‌കൂളില്‍ പോയിരുന്നത്. വീട്ടില്‍ നിന്നു പുത്തന്‍കുന്നു വരെ നടക്കും. അവിടെ നിന്നു ബസ് കയറി 6 കിലോമീറ്റര്‍ യാത്രയുണ്ട് സ്‌കൂളിലേക്ക്. യുപി ക്ലാസുകള്‍ ഡിസംബര്‍ രണ്ടിനേ തുറക്കൂ. അതിനാല്‍ നെസ്ല ഇന്നലെ സ്‌കൂളില്‍ വന്നിരുന്നില്ല.

അതേസമയം ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

യഥാസമയം ചികില്‍സ കിട്ടാത്തതാണു പാമ്പുകടിയേല്‍ക്കുന്നവരില്‍ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാന്‍ കാരണമെന്നു ഡോക്ടര്‍മാര്‍. നിശ്ചിത സമയത്തിനുള്ളില്‍ പ്രതിവിഷം നല്‍കാന്‍ സാധിച്ചാല്‍ തന്നെ രോഗിയെ രക്ഷപ്പെടുത്താനാവും. ആയുര്‍വേദ ചികില്‍സാ രീതി അനുസരിച്ചു പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ അഗതങ്ങള്‍ എന്നറിയപ്പെടുന്ന പ്രതിവിഷം ഉപയോഗിക്കുകയാണു ചെയ്യുക. ഇവ ശരീരത്തിലുള്ള വിഷത്തെ നിര്‍വീര്യമാക്കുന്നു. ധാതുക്കളും ലോഹങ്ങളും ശാസ്ത്രീയമായി ശുദ്ധികരിച്ച് ഔഷധക്കൂട്ടുകള്‍ ചേര്‍ത്താണ് അഗതങ്ങള്‍ ഉണ്ടാക്കുന്നത്.

ജീവരക്ഷാഗുളിക,സജ്ജിവനി,കരുണഭാസ്‌കരം തുടങ്ങിയവയാണ് പ്രധാന അഗതങ്ങള്‍. കടിയേറ്റാല്‍ ആറു മണിക്കൂറിനുള്ളിലെങ്കിലും പ്രതിവിഷം നല്‍കിയിരിക്കണം. ശരീരത്തിലെ വിഷത്തിന്റെ അളവിനനുസരിച്ചു നല്‍കുന്ന പ്രതിവിഷത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. 20 മില്ലി ലിറ്റര്‍ പ്രതിവിഷമാണ് ആദ്യഡോസായി കടിയേറ്റ ആള്‍ക്കു കുത്തിവയ്ക്കുന്നത്. വിഷബാധയുടെ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും പ്രതിവിഷം നല്‍കും. ഇതു കൊണ്ടും കുറവുണ്ടാകുന്നില്ലെങ്കില്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും വരെ ആറു മണിക്കൂര്‍ ഇടവിട്ടു തുടര്‍ച്ചായി പ്രതിവിഷം നല്‍കുന്നു.

ചികിത്സാ രീതികള്‍ സാധാരണഗതിയില്‍ പത്തു ദിവസം വരെ നീളാം. ആദ്യ ദിനങ്ങളില്‍ സാധാരണ തിളപ്പിച്ചാറ്റിയ വെള്ളം, ഗ്ലൂക്കോസ് വെള്ളം, കഞ്ഞിവെള്ളം എന്നിവ കൊടുക്കാം. തുടര്‍ന്ന് സാധാരണ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങാം. പാമ്പുകളുടെ കവിളില്‍ സ്ഥിതി ചെയ്യുന്ന വിഷഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന സ്രവമാണ് പാമ്പിന്‍ വിഷം. പാമ്പിന്‍ വിഷം സാധാരണ മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു.

വിഷഗ്രന്ഥികളോട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ജോഡി വിഷപ്പല്ലുകള്‍ ഇവയുടെ മേല്‍ത്താടിയില്‍ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്നു. ഈ പല്ലുകളിലൂടെയാണ് പാമ്പുകള്‍ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തി വെയ്ക്കുന്നത്. ശത്രുക്കളില്‍ നിന്നും രക്ഷ നേടുവാനും ഇര പിടിക്കുവാനുമാണ് പാമ്പുകള്‍ വിഷം കുത്തിവെയ്ക്കുന്നത്.

പാമ്പിന്‍ വിഷം ആമാശയത്തില്‍ പ്രവേശിക്കപ്പെട്ടാല്‍ സാധാരണ അപകടം സംഭവിക്കുന്നില്ല. മറിച്ച് വിഷം രക്തത്തില്‍ കലര്‍ന്ന് ശാരീരികപ്രവര്‍ത്തനങ്ങളുടെ സന്തുലനാവസ്ഥയില്‍ മാറ്റം ഉണ്ടാകുക വഴി മരണം സംഭവിക്കുന്നു. വ്യത്യസ്തങ്ങളായ പോഷകങ്ങളുടേയും ദീപനരസങ്ങളുടേയും മിശ്രിതമാണ് പാമ്പിന്‍വിഷം. രക്തം പരിശോധിച്ച്, രണ്ട് മിനിറ്റിനുള്ളില്‍ കടിച്ച പാമ്പ് ഏതിനമാണെന്നു തിരിച്ചറിയാനാവുന്ന സ്ട്രിപ് വരുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.